വനം വന്യജീവി നിയമം : ‘യുഡിഎഫ് അധികാരത്തിൽ വന്നാൽ മലയോര ജനതയുടെ താൽപര്യം സംരക്ഷിക്കും’
1497325
Wednesday, January 22, 2025 5:52 AM IST
കോടഞ്ചേരി: ഇഎസ്ഐ ബഫർസോൺ, വനം വന്യജീവി നിയമങ്ങളിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ മലയോര ജനതയെ സംരക്ഷിച്ചുകൊണ്ടുള്ള നിയമനിർമാണം കൊണ്ടുവരുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമരയാത്ര കോടഞ്ചേരി എത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവികൾ നാട്ടിൽ ഇറങ്ങി മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കും കൃഷിക്കും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടും മുഖ്യമന്ത്രിയും വനംമന്ത്രിയും മയക്കത്തിലാണെന്നും നിസംഗത വെടിഞ്ഞ് മലയോര ജനതയെ അവഗണിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് കൺവീനർ അഹമ്മദ് പുന്നക്കൽ, ടി.ടി. ഇസ്മായിൽ, ജോബി ഇലന്തൂർ, ടെന്നിസൺ ചാത്തൻകണ്ടം, സി.പി ചെറിയ മുഹമ്മദ്, ബാബു പൈക്കാട്ടിൽ, സി.കെ കാസിം, സി.ജെ ആന്റണി, ഇബ്രാഹിം കൂടാത്തായി, കെ.എം. പൗലോസ്, അലക്സ് തോമസ് ചെമ്പകശേരി തുടങ്ങിയവർ പ്രസംഗിച്ചു.