‘കേരളം ഭരിക്കുന്നത് കുടിശിക സർക്കാർ’
1507704
Thursday, January 23, 2025 5:16 AM IST
കോഴിക്കോട്: ചരിത്രത്തിലെ ഏറ്റവും വലിയ കുടിശിക സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപി കുറ്റപ്പെടുത്തി.കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 65,000 കോടിയാണ് ആനുകൂല്യ ഇനത്തിൽ കുടിശികയായിട്ടുള്ളത്.
ക്ഷേമ പെൻഷനുകളും സർക്കാർ ആശുപത്രികളിലേക്ക് മരുന്നുകൾ വാങ്ങിച്ച വകയിലും സർക്കാർ പണം നൽകാനുണ്ട്. ഉച്ചക്കഞ്ഞി നൽകിയ വകയിൽ പ്രധാന അധ്യാപകർക്ക് കഴിഞ്ഞ നാലുവർഷമായി അവർ ചെലവഴിച്ച തുക കുടിശികയാണ്.
എല്ലാ മേഖലകളിലും കുടിശിക വരുത്തിയ സർക്കാർ ധൂർത്തിന്റെ കാര്യത്തിൽ ഒരു പിശുക്കും കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ സെറ്റോ നേതൃത്വത്തിൽ പണിമുടക്കിയ അധ്യാപകരും ജീവനക്കാരും സിവിൽ സ്റ്റേഷനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. സെറ്റോ ജില്ലാ ചെയർമാൻ എം. ഷിബു അധ്യക്ഷത വഹിച്ചു.