"മനുഷ്യജീവന് ഭീഷണിയായ വന്യമൃഗങ്ങളെ നേരിടുന്നതിന് കേന്ദ്ര അനുമതി വേണ്ട'
1497333
Wednesday, January 22, 2025 5:55 AM IST
തിരുവമ്പാടി: മനുഷ്യജീവന് ഭീഷണി ഉയർത്തുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ നേരിടുന്നതിന് കേന്ദ്രനിയമം തടസമാണന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതകൾക്ക് നിരയ്ക്കുന്നതല്ലെന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി പ്രസ്താവനയിൽ പറഞ്ഞു.
വന്യമൃഗങ്ങളെ വെടിവയ്ക്കണമെങ്കിൽ ആറംഗ സമിതി യോഗം ചേർന്നു തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ശരിയല്ലെന്നാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഫ്രാൻസിസ് ജോർജിനയച്ച കത്തിൽ നിന്ന് വ്യക്തമാകുന്നത്.
വന്യജീവി ആക്രമണം തടയുന്നത് സംബന്ധിച്ച് ഫ്രാൻസിസ് ജോർജ് എംപി നൽകിയ നിവേദനത്തിന് മറുപടിയായി 2024 സെപ്റ്റംബറിൽ കേന്ദ്രമന്ത്രി അയച്ച കത്തിലാണ് വന്യജീവികളെ നേരിടുന്നതിന് സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ സംബന്ധിച്ച് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ കർഷകരുടെ ജീവനും കാർഷിക വിളകളും സംരക്ഷിക്കാൻ വേണ്ടി ഉപയോഗിക്കുന്നതിന് പകരം കേന്ദ്ര സർക്കാരിനെ പഴിചാരുന്ന സ്ഥിരം പല്ലവിയാണ് ഇക്കാര്യത്തിലും മുഖ്യമന്ത്രി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.