നിർധനരായ ഭിന്നശേഷി ദമ്പതികൾക്ക് ഭവനം നിർമിച്ചു നൽകി കോൺഗ്രസ് പ്രവർത്തകർ
1497334
Wednesday, January 22, 2025 5:55 AM IST
പേരാമ്പ്ര: മാറ്റി നിർത്തിയവരെ മാറോടണച്ച് കോൺഗ്രസ് നിർമിച്ച ആസാദ് മൻസിലിന്റെ താക്കോൽദാനം പേരാമ്പ്ര പുറ്റംപൊയിലിൽ 24ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് രമേശ് ചെന്നിത്തല എംഎൽഎ നിർവഹിക്കുമെന്ന് കോൺഗ്രസ് നേതാക്കളായ പി.കെ. രാഗേഷ്, റഷീദ് പുറ്റംപൊയിൽ, ടി.എൻ. ബാലകൃഷ്ണൻ, വി.കെ. രമേശൻ, അഷ്റഫ് ചാലിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരേ പേരാമ്പ്ര പഞ്ചായത്തിലെ എട്ടാം വാർഡ് പുറ്റംപൊയിലിലെ ഭിന്നശേഷിക്കാരായ ദമ്പതിമാർക്ക് വീട് നിർമിച്ചു നൽകിയാണ് കോൺഗ്രസ് പ്രവർത്തകർ മാതൃകയാകുന്നത്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റിൽ ആറാം സ്ഥാനവും, എട്ടാം വാർഡിലെ ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരുമായിരുന്നു ദമ്പതികൾ.
പലതവണ പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയെങ്കിലും വീട് ലഭ്യമാക്കുന്നതിന് ഒരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചില്ല. തുടർന്നാണ് ഒരു വർഷം മുന്പ് ദമ്പതിമാർക്ക് വീട് നിർമിച്ചു നൽകുന്നതിന് കോൺഗ്രസ് പ്രവർത്തകർ മുൻകൈയെടുത്ത് പ്രവർത്തനമാരംഭിച്ചത്. വീടിന്റെ മുഴുവൻ പണിയും പൂർത്തിയാക്കിയിട്ടുണ്ട്.
ചടങ്ങിൽ വടകര എംപി ഷാഫി പറമ്പിൽ, എംഎൽഎ ടി. സിദ്ദിഖ്, ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, എൻ. സുബ്രഹ്മണ്യൻ, കെ. ബാലനാരായണൻ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.