റിപ്പബ്ലിക്ദിന പരേഡ് വീക്ഷിക്കാന്‍ ചേന്ദമംഗലൂരിലെ ഷിനി ടീച്ചറും
1507707
Thursday, January 23, 2025 5:16 AM IST
മുക്കം: ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ സര്‍ക്കാരിന്റെ പ്രത്യേക അതിഥിയായി മുക്കം നഗരസഭയിലെ ചേന്ദമംഗലൂര്‍ അങ്കണവാടി അധ്യാപിക പൊറ്റശേരി സ്വദേശിനി ഷിനിയും പങ്കെടുക്കും. സര്ക്കാരിന്റെപ്രത്യേകം ക്ഷണം സ്വീകരിച്ചാണ് ഷിനി ന്യൂഡല്‍ഹിയിലേക്ക് പോകുന്നത്.
സംസ്ഥാനത്തെ ഏറ്റവും മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് വാങ്ങിയ ഷിനി അടുത്തദിവസം കണ്ണൂരില്‍ നിന്ന് വിമാനമാര്‍ഗം പുറപ്പെടും. ആദ്യമായി വിമാനത്തില്‍ കയറുന്നതിന്റെ സന്തോഷത്തിലാണ് ഷിനി.
കേരളത്തില്‍നിന്ന് അഞ്ച് അങ്കണവാടി വര്‍ക്കര്‍മാരാണ് റിപ്പബ്ലിക് ദിനാഘോഷ പരിപാടി വീക്ഷിക്കാനായി പോകുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നും രണ്ടുപേര്‍ പങ്കെടുക്കുന്നതില്‍ ഒരാളാണ് ഷിനി. ഷിനിക്ക് ചേന്ദമംഗലൂര്‍ അങ്കണവാടിയിലെ കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും യാത്രയയപ്പ് നല്കി.