രക്തശാലി കൃഷിയുമായി മേപ്പയ്യൂരിലെ കൃഷി ഉദ്യോഗസ്ഥർ
1496825
Monday, January 20, 2025 5:48 AM IST
പേരാമ്പ്ര: മേപ്പയൂർ പഞ്ചായത്ത് കൃഷിഭവൻ ഉദ്യോഗസ്ഥരുടെ രക്തശാലി പുഞ്ച നെൽകൃഷി മേപ്പയൂർ പാടശേഖരത്തിലെ അത്തിക്കോട്ട് വയലിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ ആർ.എ. അപർണ, അസിസ്റ്റന്റ് കൃഷി ഓഫീസർ എൻ.കെ. ഹരികുമാർ, കൃഷി അസിസ്റ്റന്റ് എസ്.സുഷേണൻ എന്നിവരാണ് രക്തശാലി നെൽകൃഷി ചെയ്യുന്നത്. ഒരു ഹെക്ടറോളം വരുന്ന വയലിൽ ശാസ്ത്രീയ നെൽകൃഷി പ്രോത്സാഹിപ്പിക്കുകയും രക്തശാലി ഇനത്തിന്റെ വിളവ് വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. കേരളത്തിലെ രാജവംശങ്ങൾക്കായ് വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ കൃഷി ചെയ്തിരുന്നതായി പറയപ്പെടുന്ന നെൽ വിത്തിനമാണ് "രക്ത ശാലി'.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി ശോഭ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ വടക്കയിൽ, വാർഡ് മെമ്പർ വി.പി രമ, റാബിയ എടത്തിക്കണ്ടി, ഭൂ ഉടമസ്ഥൻ ബാബു വട്ടക്കണ്ടി, പാടശേഖര സെക്രട്ടറി കെ.കെ മൊയ്തീൻ, കാർഷിക വികസന സമിതി അംഗങ്ങളായ എൻ.കെ ചന്ദ്രൻ, ബാബു കൊളക്കണ്ടി, എ.എം ദാമോദരൻ, കാർഷിക കർമ്മസേന സൂപ്പർവൈസർ ടി.എം സരിത എന്നിവർ സന്നിഹിതരായിരുന്നു.