ഹരിത അയല്‍ക്കൂട്ടങ്ങൾ: 93.9 ശതമാനം ലക്ഷ്യം കൈവരിച്ച് കോഴിക്കോട്
1497162
Tuesday, January 21, 2025 7:33 AM IST
കോഴിക്കോട്: മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി എല്ലാ അയല്‍ക്കൂട്ടങ്ങളും ഹരിത അയല്ക്കൂട്ടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടടുത്ത് കോഴിക്കോട് ജില്ല. ജില്ലയില്‍ ആകെയുള്ള 27618 അയല്‍ക്കൂട്ടങ്ങളില്‍ 25917 എണ്ണം ഹരിത അയല്‍ക്കൂട്ടങ്ങളായി മാറി. ആകെ ശതമാനം-93.84. ഈ മാസം 26നുള്ളില്‍ തന്നെ 100 ശതമാനം ഹരിത അയല്‍ക്കൂട്ടം എന്ന നേട്ടം കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ബ്ലോക്ക് തലത്തില്‍ കൊടുവള്ളി ബ്ലോക്ക് ഹരിത അയല്‍ക്കൂട്ടങ്ങളുടെ കാര്യത്തില്‍ 100 ശതമാനം നേട്ടം കൈവരിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് 99.78 ശതമാനവും ബാലുശേരി 99.67 ശതമാനവും കൈവരിച്ചു. വടകര-99.65 ശതമാനം, തൂണേരി-98.66 ശതമാനം, കോഴിക്കോട്-96.95 ശതമാനം, കുന്നമംഗലം-95.94 ശതമാനം, പന്തലായനി-93.49 ശതമാനം, തോടന്നൂര്‍-91.76 ശതമാനം, പേരാമ്പ്ര-89.80 ശതമാനം, ചേളന്നൂര്‍-78.15 ശതമാനം എന്നിങ്ങനെയാണ് മറ്റ് ബ്ലോക്കുകളുടെ നേട്ടം. മേലടി ബ്ലോക്ക് ആണ് പിന്നില്‍-24.19 ശതമാനം.
നഗരപ്രദേശങ്ങളിലെ അയല്‍ക്കൂട്ടങ്ങളുടെ കണക്കെടുത്താല്‍ മുക്കം, രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികള്‍ 100 ശതമാനം നേട്ടം കൈവരിച്ചു. "മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ജില്ലാ നിര്‍വഹണ സമിതി യോഗത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. നീര്‍ച്ചാലുകള്‍ വീണ്ടെടുക്കുന്ന "ഇനി ഞാനൊഴുകട്ടെ' പദ്ധതി ജില്ലയില്‍ 17 തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു.
ഇതുവരെ 14.9 കിലോമീറ്റര്‍ നീര്ച്ചാല് ശുചീകരിച്ചു. ജില്ലയില്‍ മൂന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളെ കൂടി പുതുതായി ഹരിത വിനോദസഞ്ചാരകേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. മാനാഞ്ചിറ, പ്ലാനറ്റേറിയം, ആര്‍ട്ട് ഗ്യാലറി എന്നിവയാണ് ഇവ. ഇതോടെ ഹരിത വിനോദസഞ്ചാര കേന്ദ്രങ്ങളുടെ എണ്ണം 11 ആയി. ഹരിതസുന്ദര ടൗണുകളുടെ എണ്ണം 94 ആയി ഉയര്‍ന്നു. 59 കലാലയങ്ങള്‍ ഹരിത കലാലയമായി.
ജില്ലയില്‍ ആകെയുള്ള 1475 സ്കൂളുകളില്‍ 976 എണ്ണം ഹരിത വിദ്യാലയങ്ങള്‍ ആയി മാറി. ഇതില്‍ മേലടി, വടകര ബ്ലോക്കുകള്‍ 100 ശതമാനം നേട്ടം കൈവരിച്ചു. ജില്ലയിലെ ഹരിത സ്ഥാപനങ്ങള്‍ 2568 ആയി വര്‍ധിച്ചു. ഇതില്‍ കുന്നുമ്മല്‍, കോഴിക്കോട്, മേലടി ബ്ലോക്കുകളാണ് മുന്നില്‍. പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്ന വിഭാഗത്തില്‍ 666 ഇടങ്ങളില്‍ സൗന്ദര്യവല്‍ക്കരണം നടത്തി പ്രഖ്യാപനം നടത്തി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ, പി.കെ. അബ്ദുല്‍ ലത്തീഫ്, റസിയ തോട്ടായി, സി.പി. മണി, പി.ടി. പ്രസാദ്, സി. മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.