ഹരിത ടൂറിസ്റ്റ് കേന്ദ്രമായി കക്കയം ഡാംസൈറ്റ് ഹൈഡല്‍ ടൂറിസം കേന്ദ്രം
1507712
Thursday, January 23, 2025 5:19 AM IST
കൂരാച്ചുണ്ട്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഡാം സൈറ്റില്‍ പ്രവർത്തിക്കുന്ന ഹൈഡല്‍ ടൂറിസം കേന്ദ്രത്തെ ഹരിത ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.
വാര്‍ഡ് അംഗം ഡാര്‍ലി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഹൈഡല്‍ ടൂറിസം കോ ഓര്‍ഡിനേറ്റര്‍ ശ്രീറാം, ഹരിത കേരളം മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.ടി. പ്രസാദ്, ഐ.വി.ഒ. രാജേഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലെ നാലു പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ആദ്യ ഹരിത ടൂറിസം കേന്ദ്രമായാണ് പ്രഖ്യാപനം നടത്തിയത്.
പൊതുശുചിത്വം നിലനിര്‍ത്തി മിനി എം സിഎഫ്, ജൈവ മാലിന്യ സംസ്കരണ സംവിധാനം, ടോയ്ലറ്റ് സൗകര്യം, വേസ്റ്റ് ബിന്നുകള്‍ എന്നിവ ഉറപ്പു വരുത്തിക്കൊണ്ടാണ് ഹരിത ടൂറിസ്റ്റ് കേന്ദ്രം പ്രഖ്യാപനം നടത്തിയത്. ഹൈഡല്‍ ടൂറിസം ജീവനക്കാര്‍, ഹരിത കേരളം, ശുചിത്വ മിഷന് ആര്‍പിമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.