രാമനാട്ടുകര സ്റ്റേഡിയം; ഭൂമി തരംമാറ്റാന്‍ അനുമതി
1507710
Thursday, January 23, 2025 5:16 AM IST
കോഴിക്കോട്: രാമനാട്ടുകര സ്റ്റേഡിയം യാഥാർഥ്യത്തിലേക്ക്. നഗരസഭാ ഏഴാം ഡിവിഷനിൽ മാളീരിത്താഴത്ത് രണ്ടേക്കറിലധികം വരുന്ന സ്ഥലത്ത് സ്റ്റേഡിയം നിർമിക്കാനായി തുടര്‍നടപടികള്‍ക്ക് മന്ത്രി സഭാ യോഗം അംഗീകാരം നൽകി. 2009-10ലെ രാമനാട്ടുകര പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്ത ഈ ഭൂമി തരംമാറ്റുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾക്ക് വർഷങ്ങളോളം പഴക്കമുണ്ട്.
നെൽവയൽ-നീർത്തട സംരക്ഷണ നിയമത്തിൽ ആവശ്യമായ ഇളവുകൾ അനുവദിച്ച് ഭൂമി തരംമാറ്റുന്നതിന് സർക്കാരിൽ നിന്ന് പ്രത്യേകാനുമതി ആവശ്യപ്പെട്ട് സ്ഥലം എംഎൽഎയും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് മന്ത്രി പി.പ്രസാദിന് കത്ത് നൽകുകയും തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു.
സ്റ്റേഡിയം നിർമാണത്തിനുള്ള പ്രധാന തടസം മാറിയതോടെ കായിക പ്രേമികളുടെ ചിരകാലാഭിലാഷം സഫലീകരിക്കാനുള്ള നടപടികൾക്ക് പുതിയ ഗതിവേഗം കൈവരികയാണ്. രാമനാട്ടുകരയുടെ ആരോഗ്യ- കായിക- വിനോദ മേഖലകളിൽ വലിയ മുന്നേറ്റങ്ങൾക്ക് ഇത് വഴിയൊരുക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.