നാദാപുരം ഗവ. ആശുപത്രിക്ക് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
1497323
Wednesday, January 22, 2025 5:52 AM IST
നാദാപുരം: ഗവൺമെന്റ് ആശുപത്രിയിൽ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി നാദാപുരം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു.
ആശുപത്രിയിൽ കിടത്തി ചികിത്സ ചികിത്സ ഇടക്കിടെ മുടങ്ങുന്നതും പ്രസവ വാർഡ് അടഞ്ഞു കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് സമരം. സംസ്ഥാനത്തെ മറ്റു താലൂക്ക് ആശുപത്രികളിൽ ഐസിയു സംവിധാനം വരെയുള്ള ചികിത്സാ സൗകര്യങ്ങളുള്ളപ്പോൾ നാദാപുരത്ത് മാത്രം കിടത്തി ചികിത്സ പോലും പരിതാപകരമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യമുണ്ടായിട്ടും ആശുപത്രി സുഖമമായി പ്രവർത്തിക്കുന്നതിൽ അധികൃതർ അലംഭാവം കാണിക്കുന്നു. ആശുപത്രി വിഷയത്തിൽ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ മുഖംതിരിഞ്ഞു നിൽക്കുകയാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. ആശുപത്രിയിൽ എത്തുന്ന രോഗികളെ മറ്റു സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞു വിടുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.