‘താമരശേരി കെഎസ്ആര്ടിസി ഡിപ്പോ നവീകരിക്കും’
1507702
Thursday, January 23, 2025 5:16 AM IST
താമരശേരി: കെഎസ്ആർടിസി ഡിപ്പോയുടെ സമ്പൂർണ നവീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഡിപ്പോകളിലൊന്നാണിത്.
താമരശേരി ഡിപ്പോയുടെ നവീകരണം സംബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ കൊടുവള്ളി എംഎൽഎ ഡോ.എം.കെ. മുനീർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് എംഎൽഎയുടെ സാന്നിധ്യത്തിൽ മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിലാണ് ഡിപ്പോയുടെ നവീകരണത്തിന് തീരുമാനിച്ചത്.
കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഡിപ്പോയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥ മാറ്റുന്നതിനു വേണ്ടി സർക്കാർ സ്വകാര്യ പങ്കാളിത്തത്തോട് കൂടി (പിപിപി മാതൃകയിൽ ) ഡിപ്പോ നവീകരിക്കുന്നതിനു വേണ്ടി മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനിച്ചു. കോവിഡിനു മുന്പ് ഏകദേശം 72 സർവീസുകൾ ലാഭകരമായി നടന്നിരുന്നുവെങ്കിലും കോവിഡിനു ശേഷം ഇത് പുനസ്ഥാപിച്ചിരുന്നില്ല.
സർവീസുകൾ പരിശോധിച്ച് പുനസ്ഥാപിക്കുന്നക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഡിപ്പോയിലേക്ക് പുതിയ സൂപ്പർഫാസ്റ്റ് സ്വിഫ്റ്റ് ബസ് അനുവദിക്കുകയും അത് നേരത്തെ നിർത്തലാക്കിയ തിരുവനന്തപുരം റൂട്ടിൽ ഓടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വയനാട് ചുരത്തിലും മലയോര പ്രദേശങ്ങളിലും ബസുകൾ തകരാറുകൾ സംഭവിച്ച് വഴിയിൽ കിടക്കുന്ന അവസ്ഥക്ക് പരിഹാരമായി പുതുതായി മൊബൈൽ വർക്ക്ഷോപ്പ് വാഹനം താമരശേരി ഡിപ്പോക്ക് അനുവദിക്കുവാനും തത്വത്തിൽ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
ടൗൺ ടു ടൗൺ ബസുകൾക്ക് പരപ്പൻപൊയിലിൽ സ്റ്റോപ്പ് അനുവദിക്കുവാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ഡോ.എം.കെ. മുനീർഎംഎൽഎ , താമരശേരി പഞ്ചായത്ത് പ്രസിഡന്റും വികസന സമിതി ചെയർമാനുമായ എ.അരവിന്ദൻ,
കൺവീനർ വി.കെ. അഷ്റഫ്, റാഷി താമരശേരി, കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ് കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഷറഫ് മുഹമ്മദ്, ചീഫ് ട്രാഫിക് ഓഫീസർ ഉദയകുമാർ, സിടിഒ നോർത്ത് സോൺ മനോജ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.