സൗദി ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനം ഇന്നറിയാം
1495282
Wednesday, January 15, 2025 5:22 AM IST
കോഴിക്കോട്: പതിനെട്ടുവര്‍ഷമായി സൗദി അറേബ്യയില റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച കേസ് ഇന്ന് റിയാദ കോടതി വീണ്ടും പരിഗണിക്കും. നേരത്തെ പല തവണ കോടതി കേസ് പരിഗണിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന് നടക്കുന്ന സിറ്റിംഗിലും ഏറെ പ്രതീക്ഷയിലാണ് മലയാളി സമൂഹം.റിയാദ് സമയം രാവിലെ എട്ടിനാണ് കേസ് പരിഗണിക്കുന്നത്.
പതിനഞ്ചുകാരനായ സൗദി പൗരന് ഫായിസ് അബ്ദുള്ള അബ്ദുറഹ്മാന് അല്‍ ശഹ്റിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് റഹിം ജയിലില്‍ കഴിയുന്നത്. ദിയ ധനം സ്വീകരിച്ചതിനുശേഷം സൗദി കുടുംബം മാപ്പ് നല്കാന് തയാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്.
34 കോടി രൂപയാണ് ദയാധനമായി നല്‍കിയത്. തടവ് അടക്കമുള്ള ശിക്ഷയില്‍ ഇളവു ലഭിച്ചാല്‍ മാത്രമേ റഹീമിനു ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയുകയുള്ളൂ. മോചനത്തിനായി ക്രൗഡ് ഫണ്ടിംഗിലൂടെ 47.87 കോടി രൂപ സമാഹരിച്ചിരുന്നു.