വനിത കമ്മീഷന് രാഷ്ട്രീയ ചട്ടുകമായി മാറരുത്: ഹര്‍ഷിന സമര സഹായസമിതി
1495274
Wednesday, January 15, 2025 5:22 AM IST
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് 106 ദിവസക്കാലം തെരുവിലിരുന്ന് നീതിക്കായി പൊരുതിയ കെ.കെ. ഹര്‍ഷിനയോട് ക്രൂരത കാണിച്ച സര്‍ക്കാരിനെ വെള്ള പൂശാന്‍ തരംതാഴ്ന്ന പ്രസ്താവന ഇറക്കിയ വനിതാ കമ്മീഷന് ചെയര്‍പേഴ്സന്റെ നിലപാട് അപലപനീയമാണെന്ന് ഹര്‍ഷിന സമരസഹായ സമിതി കുറ്റപ്പെടുത്തി.
വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ പറയുന്നത് സര്‍ക്കാര്‍ നിയമസഹായം നല്കാന് തയാറാണെന്നാണ്. ഇത് ശരിയല്ല. കുന്നമംഗലം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ പ്രതികളെ വിചാരണ ചെയ്യാനിരിക്കെ ഇവര്‍ക്ക് ഹൈക്കോടതിയില്‍നിന്നു സ്റ്റേ ലഭിക്കാന്‍ പ്രോസിക്യൂഷന് മൗനം പാലിക്കുകയായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജും വനിതാ കമ്മീഷന് ചെയര്‍പേഴ്സനും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത് സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നാണെങ്കില്‍ ഹര്‍ഷിനക്കൊപ്പം ഇല്ല എന്നു സര്‍ക്കാര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
പ്രസവ ശസ്ത്രക്രിയയ്ക്കിടയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നും തന്നെയാണ് വീഴ്ച സംഭവിച്ചത് എന്ന് പോലീസ് കണ്ടെത്തിയിട്ടും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാത്തതു കൊണ്ടാണ് ഹര്‍ഷിനക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. വനിതകള്‍ക്ക് സംരക്ഷണം ഉറപ്പാക്കേണ്ട വനിതാ കമ്മീഷന് രാഷ്ട്രീയ ചട്ടുകമായി മാറുകയാണ്.
ഹര്‍ഷിനയെ വീണ്ടും പരസ്യമായി അപമാനിച്ച വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ ആ പദവിക്ക് അപമാനമാണ്. വനിതകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ കഴിയാത്ത വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ ആ സ്ഥാനം രാജിവെക്കണമെന്നും സമരസഹായ സമിതി ചെയര്മാന് ദിനേശ് പെരുമണ്ണയും കണ്‍വീനര്‍ മുസ്തഫ പാലാഴിയും ആവശ്യപ്പെട്ടു.