കോഴിക്കോട്ടെ അവയവമാറ്റ ആശുപത്രിക്ക് ഭൂസര്‍വേ പൂര്‍ത്തിയായി
1495105
Tuesday, January 14, 2025 5:16 AM IST
കോഴിക്കോട്: ചേവായൂരില്‍ തുടങ്ങാനിരിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് (അവയവമാറ്റ ആശുപത്രി) സ്ഥാപിക്കുന്നതിനുള്ള ഭൂസര്‍വേ പൂര്‍ത്തിയായി. ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 25 ഏക്കര്‍ സ്ഥലത്തെ സര്‍വേയാണ് പൂര്‍ത്തിയായത്. ഇതില്‍ 20 ഏക്കര്‍ സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുന്നത്.
പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായ എച്ച്എല്‍എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസ് ലിമിറ്റഡ് (ഹൈറ്റ്സ്) തയാറാക്കിയ വിശദമായ രൂപരേഖ (ഡിപിആര്‍) സര്‍ക്കാര്‍ അംഗീകാരത്തിനായുള്ള അന്തിമ ഘട്ടത്തിലാണ്. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴില് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
560 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് നടപ്പാക്കുക. ഏഴു നിലകളിലായി പണിയുന്ന ആശുപത്രി രണ്ട് ഘട്ടമായാണ് പൂര്‍ത്തിയാക്കുക. ആദ്യഘട്ടം രണ്ടു വര്‍ഷത്തിനുള്ളിലും രണ്ടാം ഘട്ടം അഞ്ചുവര്‍ഷത്തിനുള്ളിലും പൂര്‍ത്തിയാക്കും.
ആശുപത്രി സജ്ജമാകുന്നത് വരെ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പിഎംഎസ് വൈ ബ്ലോക്കില്‍ താത്കാലിക സൗകര്യം ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. മൂന്നുമാസത്തിനുള്ളില്‍ ഇവിടെ ശസ്ത്രക്രിയകള്‍ നടത്താനാകും.
അവയവമാറ്റ ആശുപത്രിയ്ക്കൊപ്പം തന്നെ ചേവായൂരില്‍ ഇതേ വളപ്പില്‍ സര്‍വസൗകര്യങ്ങളോടും കൂടിയ ത്വക്ക് രോഗ ആശുപത്രി കെട്ടിടവും ഒരുങ്ങുന്നുണ്ട്. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം സര്‍വേ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തി.