കുപ്രസിദ്ധ മോഷണ വീരന് തൊണ്ടിമുതലുകളുമായി പിടിയില്‍
1495275
Wednesday, January 15, 2025 5:22 AM IST
കോഴിക്കോട്: കുപ്രസിദ്ധ അന്തര്‍ജില്ലാ മോഷ്ടാവിനെ കസബ പോലീസും സിറ്റി ക്രൈം സക്വാഡും ചേര്‍ന്ന് അറസ്റ്റു ചെയ്തു.
വയനാട് അമ്പലവയല്‍ സ്വദേശി അബ്ദുള്‍ ആബിദി(31)നെയാണ് പോലീസ് പിടികൂടിയത്. മലബാര്‍ പാലസിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ കളവു ചെയ്ത കേസിലെ അന്വേഷണത്തിനിടയാണ് ഇയാള്‍ പിടിയിലായത്. നിരവധി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതി അബ്ദുള്‍ ആബിദാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
വയനാട് വൈത്തിരിയിലെ ഫ്ളാറ്റില്‍നിന്ന് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന കാമറയും മൂന്നു മൊബൈല്‍ ഫോണും കളവ് ചെയ്ത് വില്പനക്കായി മഞ്ചേരിയിലേക്ക് പോകുന്നതിനിടയിലാണ് പ്രതി മോഷണ മുതലുകളുമായി ഇന്നലെ പുലര്‍ച്ചെ പാളയത്ത് വച്ച് പോലീസിന്റെ പിടിയിലായത്.
കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ്, വയനാട് ജില്ലയിലെ ബത്തേരി, വൈത്തിരി, മലപ്പുറം ജില്ലയിലെ മഞ്ചേരി, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നീ സ്റ്റേഷനുകളിലായി 40 ഓളം മോഷണ കേസിലെ പ്രതിയാണ് അബ്ദുള്‍ ആബിദ്.
പ്രതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് മോഷണം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളില്‍നിന്ന് 14 ഫോണുകളും രണ്ടു വാച്ചും കാമറയും കണ്ടെത്തി. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.കെ.അഷ്റഫിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്പെക്ടര്‍ കിരണ്‍ സി. നായര്‍, എസ്ഐമാരായ ആര്. ജഗ്മോഹന്ദത്തന്,
എസ്.സജിത്ത് മോന്, എഎസ്ഐ സജേഷ് കുമാര്‍, എസ്സിപിഒമാരായ രാജീവ് കുമാര്‍ പാലത്ത്, പി.അനീഷ്, സിപിഒ മുഹമ്മദ് സക്കറിയ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ.സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.