പൊന്മലപ്പാറ- ചക്കിട്ടപാറ റോഡില്‍ ദുരിതയാത്ര
1495095
Tuesday, January 14, 2025 5:06 AM IST
ചക്കിട്ടപാറ: റോഡിന്റെ ദുരവസ്ഥമൂലം വലഞ്ഞ് നാട്ടുകാര്‍. മലയോര ഹൈവേയുടെ പണി ഒരു ഭാഗത്ത്, ബദല്‍ പാതയായ പൊന്മലപ്പാറ -പെരുവണ്ണാമൂഴി റൂട്ടില്‍ ജല അഥോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കല്‍ മറുവശത്ത്.
റോഡുകളെല്ലാം കുഴിയും ചെളിയും കാരണം ഉപയോഗ ശൂന്യം. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിനുള്ളിലൂടെയാണ് പൊന്മലപ്പാറ- ചക്കിട്ടപാറ റോഡ് കടന്നു പോകുന്നത്. പൈപ്പുകള്‍ നിക്ഷേപിച്ച് കുഴി മൂടിയെങ്കിലും മണ്ണ് നിറഞ്ഞ് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്.
മഴ പെയ്തതോടെ ഇവിടം ചെളിക്കുളമായി. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി റോഡ് നന്നാക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.