എഐ യുഗത്തെ എതിര്‍ക്കുന്നവര്‍ പുതിയ തലമുറയെ മൈഗ്രേഷനിലേക്കു തള്ളിവിടും: ടി. സിദ്ദിഖ്
1495263
Wednesday, January 15, 2025 5:04 AM IST
കോഴിക്കോട്: കംപ്യൂട്ടര്‍ വന്നപ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുകയും കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്തവര്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ് കടന്നുവരുമ്പോള്‍ അതിനെയും എതിര്‍ക്കുന്നത് കേരളത്തില്‍ നിന്നും ചെറുപ്പക്കാരുടെ കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ അഭിപ്രായപ്പെട്ടു.
കെഎസ്എസ്പിഎ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികള്‍ക്ക് ഉച്ച ഭക്ഷണംവച്ച വകയില്‍ 125 കോടി കൊടുക്കാന്‍ ബാക്കിവച്ച സര്‍ക്കാര്‍, ആശുപത്രിയില്‍ മരുന്നു വാങ്ങാന്‍ പണമില്ലെന്നു പറയുന്ന സര്‍ക്കാര്‍ പെരിയ കേസില്‍ സിബിഐ വരാതിരിക്കാനും ഫെസ്റ്റുകള്‍ നടത്താനും കോടികള്‍ ചെലവഴിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ആര് കുറുപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധന് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ട്രഷറര്‍ രാജന് കുരുക്കള്‍, കെ.വി. മുരളി, വി. മധുസൂദനന്, ജില്ലാ ട്രഷറര്‍ ടി. ഹരിദാസന് എന്നിവര്‍ പ്രസംഗിച്ചു.