ചെങ്കല്‍ ഗുഹകളില്‍ പരിശോധന നടത്തി പുരാവസ്തുവകുപ്പ്
1495093
Tuesday, January 14, 2025 5:06 AM IST
പേരാമ്പ്ര: ചേനോളി കളോളിപ്പൊയിലില്‍ കണ്ടെത്തിയ ചെങ്കല്ഗുഹകളില് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പരിശോധനയില്‍ അസ്ഥികൾ കണ്ടെത്തി. രണ്ടാമത്തെ അറ തുറന്ന് പരിശോധിച്ചപ്പോഴാണ് അസ്ഥി ലഭിച്ചത്. സ്മാരകങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഇത് സഹായകരമാകുമെന്നാണ് സൂചന. ആദ്യ അറ തുറന്നപ്പോള്‍ മണ്‍പാത്രങ്ങളും ഇരുമ്പായുധങ്ങളും കൊളുത്തുകളും ലഭിച്ചിരുന്നു.
മൃതസംസ്കാര സ്മാരകങ്ങളായി ഉറപ്പുള്ള ചെങ്കല്‍പ്പാറകള്‍ വെട്ടിയുണ്ടാക്കിയ മൂന്ന് കല്ലറകളാണ് കണ്ടെത്തിയത്. കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വംനല്കുന്നത്. പുരാവസ്തുക്കള്‍ കാണാന്‍ കഴിഞ്ഞദിവസങ്ങളില്‍ ധാരാളം ആളുകള്‍ ഇവിടെ എത്തിയിരുന്നു.
അറകളെ പറ്റി പഠിക്കാനും പുരാവസ്തു വീണ്ടെടുക്കാനും ഗുഹ കണ്ടെത്തിയ സ്ഥലം താത്ക്കാലികമായി ഏറ്റെടുത്ത് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ഗുഹയ്ക്ക് 2500 വര്‍ഷത്തിനു മുകളില്‍ പഴക്കം ഉണ്ടെന്നാണ് പുരാവസ്തു വകുപ്പിന്റെ നിഗമനം.