അനധികൃത മദ്യ വിൽപന: പ്രതീകാത്മക മദ്യവിൽപന നടത്തി സ്ത്രീകൾ
1495279
Wednesday, January 15, 2025 5:22 AM IST
മുക്കം: അനധികൃത മദ്യവിൽപന മൂലം പൊറുതിമുട്ടി കാരശേരി പഞ്ചായത്തിലെ തോട്ടക്കാട് ഗ്രാമത്തിലെ ജനങ്ങൾ. ഇതിനെതിരേ സ്ത്രീകൾ പ്രതിഷേധത്തിന്റെ ഭാഗമായി പ്രതീകാത്മകമായി പരസ്യമായി മദ്യ വിൽപനയും കുടിയും തുടങ്ങി.
പ്രതിഷേധ മദ്യവിൽപനയുട ഉദ്ഘാടനം മുതിർന്ന അംഗമായ ലീലാമ്മ നിർവഹിച്ചു. ഭൂരിഭാഗവും കൂലിപ്പണിക്കാരായ പ്രദേശത്തു അനധികൃതമായി മദ്യവിൽപന നടത്തുന്നവർ നിരവധിയാണ്.
നിരവധി തവണ എക്സൈസിലും പോലീസിലും തെളിവ് സഹിതം നേരിട്ടും ഫോൺ മുഖേനയും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തത് കാരണമാണ് ഇത്തരത്തിൽ ഒരു സമര പരിപാടിയുമായി മുൻപോട്ട് വന്നതെന്ന് സമരത്തിനു നേതൃത്വം നൽകുന്ന ആശാവർക്കർ ശാലി പറഞ്ഞു.
ഇതൊരു സൂചന സമരമാണെന്നും ഇനിയും അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കുടുംബശ്രീ എഡിഎസ് സെക്രട്ടറി ജയപ്രഭ പറഞ്ഞു.