ജില്ലയില്‍ എട്ട് ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; 23 ഹരിത സുന്ദര ടൗണുകള്‍
1495092
Tuesday, January 14, 2025 5:06 AM IST
കോഴിക്കോട്: ജില്ലയിലെ എട്ട് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഹരിതവിനോദ സഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. ജാനകിക്കാട്, ലോകനാര്‍കാവ്, സാന്‍ഡ് ബാങ്ക്സ്, കുഞ്ഞാലി മരക്കാര്‍ സ്മാരകം, സര്‍ഗാലയ, കാപ്പാട് ബ്ലൂഫ്ളാഗ് ബീച്ച്, ആക്ടീവ പ്ലാനറ്റ് വേളം, പെരുവണ്ണാമൂഴി എന്നിവയാണിവ. 23 ടൗണുകളെ ഹരിതസുന്ദര ടൗണുകളായും പ്രഖ്യാപിച്ചു.
"മാലിന്യമുക്തം നവകേരളം' ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ ജില്ലാകളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ ആകെയുള്ള 27,588 അയല്‍ക്കൂട്ടങ്ങളില്‍ 17,631 എണ്ണം ഹരിത അയല്‍ക്കൂട്ടങ്ങളായി. ആകെയുള്ള 12 ബ്ലോക്കുകളില്‍ തോടന്നൂര്‍, മേലടി, പന്തലായനി ബ്ലോക്ക് ഒഴികെ എല്ലാവരും 50 ശതമാനത്തിന് മുകളില്‍ പ്രവൃത്തി നടത്തി. ഈ വിഭാഗത്തില്‍ വടകര ബ്ലോക്ക് 91.51 ശതമാനം പ്രവൃത്തി പൂര്‍ത്തിയാക്കി.
ജില്ലയിലെ 188 കലാലയങ്ങളില്‍ 46 എണ്ണം ഹരിതകലാലയമായി പ്രഖ്യാപിച്ചു. ജില്ലയില്‍ ആകെയുള്ള 1528 സ്കൂളുകളില്‍ 816 എണ്ണം ഹരിത വിദ്യാലയങ്ങള്‍ ആയി മാറി. ഇതില്‍ വടകര ബ്ലോക്ക് 100% നേട്ടം കൈവരിച്ചു. ജില്ലയില്‍ 1813 സ്ഥാപനങ്ങളെയാണ് ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. ഇതില്‍ ബ്ലോക്ക് തിരിച്ച് കുന്നുമ്മല്‍, തോടന്നൂര്‍, വടകര,തൂണേരി എന്നിവരാണ് മുന്നില്‍.
ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ് മുഖാന്തരം അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി ജില്ലയിലെ 10 തദ്ദേശസ്ഥാപനങ്ങള്‍ 100 ശതമാനം പൂര്‍ത്തീകരിച്ചതായി യോഗം അറിയിച്ചു. കുറ്റ്യാടി, കൂരാച്ചുണ്ട്, മൂടാടി, നൊച്ചാട്, കട്ടിപ്പാറ, കൂത്താളി, വളയം, ചോറോട്, പുറമേരി, അഴിയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണിവ.
ഹരിതകര്‍മസേന അംഗങ്ങള്‍ ഹരിത മിത്രം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വീടുകളും കടകളും കയറിയാണ് വിവരശേഖരണം നടത്തുന്നത്. ഖരമാലിന്യ പ്രോജക്ടുകളുടെ കാര്യത്തിലും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. 33 തദ്ദേശസ്ഥാപനങ്ങള്‍ പുതിയ എംസിഎഫ് സ്ഥാപിക്കാന്‍ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.
എംസിഎഫ് സ്ഥാപിക്കുന്നതില്‍ ഭൂമി തര്‍ക്കവിഷയമായ 12 കേസുകള്‍ യോഗത്തില്‍ ഉന്നയിച്ചപ്പോള്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് ഏഴ് എണ്ണത്തില്‍ ഭൂമി അനുവദിച്ചു. നീര്‍ച്ചാലുകള്‍ വീണ്ടെടുക്കുന്ന "ഇനി ഞാനൊഴുകട്ടെ' പദ്ധതി ജില്ലയില്‍ എട്ട് തദ്ദേശസ്ഥാപനങ്ങള്‍ മാത്രമാണ് ഏറ്റെടുത്തത്. ഇതുവരെ 11.19 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍ ശുചീകരിച്ചു.
എല്ലാ തദ്ദേശസ്ഥാപനങ്ങളും പൂര്‍ത്തീകരിക്കാനുള്ള പദ്ധതികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഒറ്റ വാട്സാപ് നമ്പര്‍ മുഖേനയുള്ള പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
പല തദ്ദേശസ്ഥാപനങ്ങളിലും വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്ത വിഷയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പരിപാടിയില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.