കൈക്കൂലി: സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയില്‍
1495108
Tuesday, January 14, 2025 5:16 AM IST
കോഴിക്കോട്: സർവേ നടത്താന്‍ കൈക്കൂലി വാങ്ങിയ സർവേയര്‍ അറസ്റ്റില്‍. കോഴിക്കോട് ഉള്ള്യേരി മുണ്ടോത് റീസര്‍വേ സൂപ്രണ്ട് ഓഫീസില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്ന ഫസ്റ്റ് ഗ്രേഡ് സര്‍വേയറായ മുഹമ്മദിനെയാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. 10,000രൂപ കൈകൂലി വാങ്ങുമ്പോഴാണ് പിടിയിലായത്. നാറാത്ത് സ്വദേശിയാണ് പരാതിക്കാരന്.
ഇയാളുടെ അനുജന്റെ പേരിലുള്ള 5. 45 ഏക്കര്‍ സ്ഥലം ഡിജിറ്റല്‍ സര്‍വേ ചെയ്തപ്പോള്‍ അളവില്‍ വന്ന കുറവ് പരിഹരിക്കുന്നതിനായി വീണ്ടും ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ മുഹമ്മദ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച മുഹമ്മദ് വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാരന് ഈ വിവരം കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സുപ്രണ്ടിനെ അറിയിച്ചു.
തുടര്‍ന്ന് വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചുവരുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ഉള്ള്യേരി ഫേമസ് ബേക്കറിക്ക് മുന്നില്‍ വച്ച് പരാതിക്കാരനില്‍നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ മുഹമ്മദിനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.