പന്തീരാങ്കാവ് 110 കെവി സബ് സ്റ്റേഷന് നിർമാണം; ഭൂമി ഏറ്റെടുത്ത് കൈമാറി
1495278
Wednesday, January 15, 2025 5:22 AM IST
കോഴിക്കോട്: പന്തീരാങ്കാവിൽ കെഎസ്ഇബിയുടെ 110 കെവി സബ്സ്റ്റേഷന് നിർമിക്കുന്നതിനാവശ്യമായ 1.43 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് സ്പെഷല്‍ തഹസില്‍ദാര്‍ (എല്‍എ) കെഎസ്ഇബിയ്ക്ക് കൈമാറി. കോഴിക്കോട്ടെ സ്പെഷല്‍ തഹസില്‍ദാറുടെ ഓഫീസിലെ സ്പെഷല്‍ റവന്യൂ ഇന്‍സ്പെക്ടർ എം. ഷൈജു കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ ലേഖ റാണിയ്ക്കാണ് ഭൂമി സംബന്ധിച്ച രേഖ കൈമാറിയത്.
ചെറുവണ്ണൂര്‍-കൊളത്തറ റോഡ് വികസനത്തിനായുള്ള ഭൂമി, പുതിയപാലത്ത് വലിയ പാലം നിർമിക്കുന്നതിനുള്ള ഭൂമി, കാലിക്കട്ട് പച്ചക്കറി മാര്‍ക്കറ്റിനായുള്ള ഭൂമി എന്നിവയും ഏറ്റെടുത്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി സ്പെഷല്‍ തഹസില്‍ദാര്‍ (എല്‍എ) കോഴിക്കോട് ഇന്‍ചാര്‍ജ് സുജിത്ത്കുമാര്‍ അറിയിച്ചു.
എലത്തൂര്‍ നിയോജക മണ്ഡലത്തിലെ ചെറുകുളം-അംശകച്ചേരി റോഡിനായുള്ള 450 ഓളം അവാര്‍ഡുകള്‍ പാസാക്കി കഴിഞ്ഞു. ഭൂമി ഉടനെ കൈമാറും. ബേപ്പൂര്‍-പുലിമുട് റോഡ് വികസനത്തിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഭൂമി ഏറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും.