പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറൽ : കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു
1495260
Wednesday, January 15, 2025 5:04 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ ധാരണ പ്രകാരം മുസ്ലിം ലീഗിന് കൈമാറാത്തതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയെ കോൺഗ്രസ് ജില്ലാ നേതൃത്വം പാർട്ടിയിൽ നിന്നും സസ്പെൻസ് ചെയ്തു. ഇതേ വിഷയത്തിൽ കൂരാച്ചുണ്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കലിനെയും മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റി.
2020ൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ ധാരണ പ്രകാരം ആദ്യ നാലുവർഷം കോൺഗ്രസും അവസാന ഒരു വർഷം മുസ്ലിം ലീഗിനും പ്രസിഡന്റ് സ്ഥാനം നൽകണമെന്നായിരുന്നുള്ളത്. ഡിസംബർ 29ന് നാലുവർഷം പൂർത്തിയായിട്ടും കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ലീഗിന് വിട്ടുനൽകിയിരുന്നില്ല.
എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗ് മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം അതാത് പാർട്ടികൾക്കുള്ള സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കണമെന്നായിരുന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇത് ലംഘിച്ചുകൊണ്ടാണ് ലീഗ് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥാനാർഥിയെ നിർത്തിയതെന്നും നേതാക്കൾ പറയുന്നു.
രണ്ട് സീറ്റുള്ള മുസ്ലിം ലീഗിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും നൽകിയിട്ടുണ്ട്. ലീഗിന് പ്രസിഡന്റ് സ്ഥാനം നൽകുന്ന കാര്യത്തിൽ മണ്ഡലം കമ്മിറ്റിയോ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയോ അറിയാതെയാണ് ഇത്തരത്തിൽ ഒരു എഗ്രിമെന്റ് തയാറാക്കിയതെന്നും പറയുന്നു.
പ്രസിഡന്റ് സ്ഥാനം നൽകാത്ത കാര്യത്തിൽ മുസ്ലിം ലീഗ് ഇന്നലെയായിരുന്നു മുന്നണി ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് അവിശ്വാസ പ്രമേയമോ മറ്റു തീരുമാനങ്ങളോ ഉള്ളതായി അറിയിച്ചിട്ടില്ല. ഇത് സംബന്ധിച്ച് എൽഡിഎഫും ഒരു തീരുമാനങ്ങളും എടുത്തിട്ടില്ലെന്നാണറിയുന്നത്.ആകെയുള്ള 13 സീറ്റുകളിൽ കോൺഗ്രസിന് ആറും ലീഗിന് രണ്ട് സീറ്റുമാണുള്ളത്.
എൽഡിഎഫ് മുന്നണിയിൽ സിപിഎം- രണ്ട്, കേരള കോൺഗ്രസ്-എം- രണ്ട്, ഒരു സ്വതന്ത്രനുമാണുള്ളത്. പഞ്ചായത്ത് ഭരണത്തിനെതിരേ അവിശ്വാസ പ്രമേയം നൽകിയാലും അതിനെ നേരിടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തിന്റെ താത്ക്കാലിക ചുമതല ഡിസിസി ജനറൽ സെക്രട്ടറി അഗസ്റ്റിൻ കാരക്കടക്ക് നൽകിയിട്ടുണ്ട്.