വോട്ടുത്സവം സംഘടിപ്പിച്ച് ജില്ലാ ഭരണകൂടം
1495094
Tuesday, January 14, 2025 5:06 AM IST
കോഴിക്കോട്: ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോളജുകളെ പങ്കെടുപ്പിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച "വോട്ടുത്സവം' സാമൂതിരി ഗുരുവായൂരപ്പന് കോളജില്‍ അരങ്ങേറി.
വോട്ടവകാശവും അതില്‍ യുവജന പങ്കാളിത്തത്തിന്റെ പ്രാധാന്യവും വിളിച്ചോതിക്കൊണ്ടുള്ള റാലിയോടെ പരിപാടികള്‍ക്ക് തുടക്കമായി. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് റാലി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇലക്ഷന് വകുപ്പിന്റെയും ഇലക്ഷന് ലിറ്ററസി ക്ലബിന്റെയും കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ എന്‍എസ്എസ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വോട്ടുത്സവം നടന്നത്.
പ്രസംഗ മത്സരം, യൂത്ത് റാലി, ഫ്ളാഷ് മോബ്, സ്പോട് ക്വിസ്, ഓപ്പണ്‍ മൈക്ക് കലാപരിപാടികള്‍ എന്നിവയും മോക്ക് പോളിംഗ് പരിപാടിയും നടത്തി. ഉദ്ഘാടന ചടങ്ങില്‍ സാമൂതിരി ഗുരുവായൂരപ്പന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. രജനി അധ്യക്ഷത വഹിച്ചു.