പരിഹാരമില്ലാതെ കോഴിക്കോട് മെഡി. കോളജിലെ മരുന്ന് ക്ഷാമം : സാധാരണക്കാര്‍ എന്തു ചെയ്യും?
1495273
Wednesday, January 15, 2025 5:22 AM IST
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ നാളുകളായി തുടരുന്ന മരുന്നു ക്ഷാമം രൂക്ഷാവസ്ഥയിലേക്ക്. മെഡിക്കല്‍ കോളേജിലേക്കുള്ള മരുന്നു വിതരണം നിലച്ചതോടെ ഡയാലിസിസ് രോഗികളടക്കം നെട്ടോട്ടമോടുകയാണ്. കഴിഞ്ഞമൂന്നുമാസമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
മെഡിക്കല്‍ കോളജിലെ ന്യായ വില മെഡിക്കല്‍ ഷോപ്പുകളില്‍ പോലും പല മരുന്നുകളും കിട്ടാനില്ല. കോഴിക്കോട് ബീച്ച് ആശുപത്രിയിലും കഴിഞ്ഞ മൂന്നു മാസമായി ഡയാലിസിസിനു ആവശ്യമായ മരുന്ന് ലഭ്യമല്ലെന്ന് രോഗികള്‍ ചൂണ്ടിക്കാട്ടി. കൂടിയ വിലയ്ക്ക് പുറമെയുള്ള സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് മരുന്നു വാങ്ങാനുള്ള സാമ്പത്തികാവസ്ഥ പല രോഗികള്‍ക്കുമില്ല. അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രോഗികളും ബന്ധുക്കളും ഡിഎംഒയെ കണ്ടു.
മരുന്ന് വിതരണക്കാര്‍ മെഡിക്കല്‍ കോളജിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്തിയിട്ട് അഞ്ച് ദിവസം കഴിഞ്ഞു. മരുന്നു വിതരണക്കാര്‍ക്കുള്ള കുടിശിക 80 കോടി കവിഞ്ഞു. കുടിശിക നല്‍കാതെ മരുന്ന് വിതരണം ചെയ്യില്ലെന്നാണ് മരുന്നു കമ്പനികളുടെ നിലപാട്. അതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കോണ്‍ഗ്രസ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസിനു മുമ്പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഭരണാനുകൂല യുവജന സംഘടനയായ എഐവൈഎഫും പ്രതിഷേധവുമായി രംഗത്ത് എത്തി.
മരുന്നു ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. ന്യായവില മെഡിക്കല്‍ ഷോപ്പില്‍ കാന്‍സര്‍, വൃക്ക, ഹൃദ്രോഗ ചികിത്സകള്‍ക്ക് ഉള്‍പ്പെടെയുള്ള മരുന്നിന് ക്ഷാമം നേരിട്ടു തുടങ്ങിയതോടെ പാവപ്പെട്ട രോഗികള്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.
മരുന്ന് കമ്പനിയുമായി ആരോഗ്യവകുപ്പ് നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിട്ടില്ല. കുടിശിക പൂര്‍ണമായി കൊടുത്തു തീര്‍ക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് മരുന്നു വിതരണക്കാര്‍.
കൂടുതല്‍ കാര്യക്ഷമമായ ഇടപെടല്‍ സര്‍ക്കാര്‍ അടിയന്തരമായി നടത്തണമെന്നും എഐവൈഎഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്, പ്രസിഡന്റ് എ.ടി.റിയാസ് അഹമ്മദ് എന്നിവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം മെഡിക്കല്‍ കോളജില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.