കടമേരിയിൽ വീട്ടിൽ കയറി അക്രമം: ഒരാൾ അറസ്റ്റിൽ
1495269
Wednesday, January 15, 2025 5:04 AM IST
നാദാപുരം: കടമേരിയിൽ വീട്ടിൽ കയറി ഗൃഹനാഥനെയും കുടുംബത്തെയും അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടമേരി കീരിയങ്ങാടി സ്വദേശി തൈക്കണ്ടി സഫീറി(27 )നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് സഫീറും സുഹൃത്തായ സജീറും ചേർന്ന് കീരിയങ്ങാടിയിലുള്ള പനങ്ങാട്ട് റഹീമിന്റെ വീട്ടിൽ അതിക്രമിച്ച് കയറി റഹീമിനെയും കുടുംബാംഗങ്ങളെയും അക്രമിച്ച് പരിക്കേൽപ്പിച്ചത്.
മർദനത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. റഹീമിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പ്രതികൾക്കെതിരേ കേസെടുക്കുകയായിരുന്നു. കൂട്ട് പ്രതിയായ സജീർ ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.