പത്രദിനത്തിൽ പത്രം പ്രസിദ്ധീകരിച്ച് കല്ലാനോട് സ്കൂൾ വിദ്യാർഥികൾ
1493419
Wednesday, January 8, 2025 5:04 AM IST
കൂരാച്ചുണ്ട്: ഇന്ത്യൻ പത്രദിനത്തോടനുബന്ധിച്ച് കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥികൾ ‘വോയ്സ് ഓഫ് എസ്എംഎച്ച്എസ് ’ എന്ന പേരിൽ സ്കൂൾ പത്രം തയ്യാറാക്കി. അധ്യായന വർഷത്തെ വിവിധ വിശേഷങ്ങൾ ഉൾപ്പെടുത്തിയുള്ള പത്രത്തിന്റെ ആദ്യ പതിപ്പാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.
വിദ്യാർഥികൾ തന്നെയാണു വാർത്തകൾ തയാറാക്കിയതും, അണിയറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും. അടുത്ത മാസം സ്കൂൾ പത്രത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാർഥികളായ ദിയ ശിവൻ, ദയാലക്ഷ്മി, എഡ്വിൻ ജോസഫ്, ക്രിസ്റ്റ മരിയ, മാർഷൽ വി. ഷോബിൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.
അടുത്ത അധ്യയന വർഷം മുതൽ മറ്റു വാർത്തകൾ കൂടി ഉൾപ്പെടുത്തി മൂന്ന് മാസം തോറും സ്കൂൾ പത്രം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. പ്രധാനാധ്യാപകൻ സജി ജോസഫ് പത്രം പ്രകാശനം ചെയ്തു. അധ്യാപകരായ നൈസിൽ തോമസ്, ജിൽറ്റി മാത്യു, ഷൈജ ജോസഫ് എന്നിവർ പ്രസംഗിച്ചു.