വന്യമൃഗ ആക്രമണം: കര്‍ഷകന്റെ പ്രതിഷേധ സമരം
1493273
Tuesday, January 7, 2025 7:33 AM IST
പേരാമ്പ്ര: മലയോര മേഖലയിലെ രൂക്ഷമായ വന്യമൃഗ ശല്യത്തില്‍ പ്രതിഷേധിച്ച് ചക്കിട്ടപാറ പഞ്ചായത്ത് കര്‍ഷക വികസന സമിതി അംഗം രാജന് വര്‍ക്കിയുടെ ഒറ്റയാള്‍ സമരം.
ചക്കിട്ടപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കര്‍ഷക ഗ്രാമസഭ ചേരുമ്പോള്‍ ഗേറ്റിനു പുറത്ത് പ്രതീകാത്മക സമരമാണ് നടത്തിയത്. സ്വയം ചങ്ങലയില്‍ ബന്ധനസ്ഥനായി കറുത്തു തുണികൊണ്ട് വായ് മൂടിക്കെട്ടിയായിരുന്നു സമരം.
വന്യമൃഗ ആക്രമണത്തില്‍ പ്രതികരിക്കുന്ന എംഎല്‍എമാര്‍ അടക്കമുള്ളവരെ തുറുങ്കിലടക്കുന്ന വനം വകുപ്പിന്റെ നിലപാടിലുള്ള പ്രതിഷേധവും രാജന് വര്‍ക്കി പ്രകടിപ്പിച്ചു. കര്‍ഷക ഗ്രാമസഭകള്‍ ജനങ്ങളെ പറ്റിച്ച് ചിലര്‍ക്ക് സര്‍ക്കാര്‍ ഫണ്ട് തട്ടാനുള്ള പ്രഹസനമാണെന്ന് ആരോപിച്ചു.