ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് സീസണ് നാലിന് ഉജ്വല പരിസമാപ്തി
1492964
Monday, January 6, 2025 5:03 AM IST
കോഴിക്കോട്: ബേപ്പൂരിലും ചാലിയത്തും കടലിലും കരയിലും ആകാശത്തും സാഹസികതയുടെയും വിനോദത്തിന്റെയും വിരുന്നൊരുക്കി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന് ഉജ്വല പരിസമാപ്തി.
കടലിന്റെ ഓളപ്പരപ്പില്‍ സാഹസിക കായിക വിനോദത്തിന്റെ വശ്യദൃശ്യങ്ങള്‍ ഇതള്‍ വിരിഞ്ഞപ്പോള്‍, വ്യോമസേനാ ഹെലികോപ്റ്ററുകളുടെ അഭ്യാസ പ്രകടനങ്ങള്‍ ആകാശത്ത് ഉദ്വേഗത്തിന്റെയും കൗതുകത്തിന്റെയും കാഴ്ചകള്‍ നിറച്ചു. ബേപ്പൂര്‍ മറീനയ്ക്കു മുകളില്‍ നൂറുകണക്കിന് ഡ്രോണുകള്‍ എം.ടി വാസുദേവന്‍ നായരുടെ ചിത്രംവരച്ചു.
അത് താഴെ ജനസമുദ്രത്തിന്റെ മനസില്‍ ഓര്‍മകളുടെ കടലിരമ്പം തീര്‍ത്തു. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ആബാല വൃദ്ധം ജനങ്ങള്‍ക്ക് എന്നും ഓര്‍ത്തുവയ്ക്കാവുന്ന മനോഹര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ബേപ്പൂര്‍ ഫെസ്റ്റിന്റെ നാലാം സീസണിന് കൊടിയിറങ്ങിയത്.
ബേപ്പൂര്‍ മറീന തീരത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണ നേതൃത്വവും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
സമാപന ചടങ്ങിന് മുന്നോടിയായി ബേപ്പൂര്‍ തുറമുഖത്തു നിന്നും ആരംഭിച്ച് സമാപന വേദിയായ മറീന ബീച്ചില്‍ അവസാനിച്ച വര്ണശമ്പളമായ ഘോഷയാത്രയില്‍ മന്ത്രിയും ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
സമാപന ചടങ്ങും തുടര്‍ന്ന് വിനീത് ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത നിശയും ഡ്രോണ്‍ ഷോയും കാണാനും കേള്‍ക്കാനുമായി പതിനായിരക്കണക്കിന് ആളുകളാണ് ബേപ്പൂരിലേക്ക് ഒഴുകിയെത്തിയത്.