തദ്ദേശഭരണ പ്രതിസന്ധി: മുസ്ലിം ലീഗ് ജനപ്രതിനിധികള്‍ ധര്‍ണ നടത്തും
1492970
Monday, January 6, 2025 5:03 AM IST
കോഴിക്കോട്: സര്‍ക്കാരിന്റെ സാമ്പത്തിക കുരുക്ക് മൂലം തദ്ദേശസ്ഥാപനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി നാലിന് മുസ്ലീം ലീഗ് ജനപ്രതിനിധികളുടെ കളക്ടറേറ്റ് ധര്‍ണ സംഘടിപ്പിക്കുന്നതിന് ലോക്കല്‍ ഗവണ്മെന്റ് മെമ്പേഴ്സ് ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
2023- 24 വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതത്തില്‍ 2928 കോടി രൂപയാണ് സര്‍ക്കാര്‍ തടഞ്ഞത്. ഇതു മൂലം നടപ്പു വര്‍ഷത്തെ ഭൂരിഭാഗം പദ്ധതികളും വെട്ടിച്ചുരുക്കി. മുന്‍വര്‍ഷം സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയ തുക ഈ വര്‍ഷം പ്രത്യേക വിഹിതമായി അനുവദിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ തുക അനുവദിക്കുന്നില്ല എന്നു മാത്രമല്ല, നടപ്പു വര്‍ഷത്തെ ബജറ്റ് വിഹിതം പോലും കൃത്യമായി അനുവദിക്കുന്നില്ല. ഡിസംബറില്‍ അനുവദിക്കേണ്ട വിഹിതത്തിന്റെ മൂന്നാം ഗഡു ഇതേവരെ ലഭിച്ചിട്ടില്ല.
ട്രഷറിയിലും അനാവശ്യ കുരുക്കുകള്‍ ഏര്‍പ്പെടുത്തി പദ്ധതി പ്രവര്‍ത്തനം തടയുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ് ഉദ്ഘാടനം ചെയ്തു. എല്‍ജിഎംഎല്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി.പി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.
ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയില്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, എല്‍ജിഎംഎല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഷറഫുദ്ദീന്, പി.ടി.എം. ഷറഫുന്നിസ, കെ.കെ. ജബ്ബാര്‍, എം.പി. സലീം, ടി.പി. സലീം എന്നിവര്‍ പ്രസംഗിച്ചു.