ബേപ്പൂര്‍, വെള്ളയില്‍ പോലീസ് സ്റ്റേഷനുകളുടെ മുഖം മാറും
1493412
Wednesday, January 8, 2025 5:04 AM IST
കോഴിക്കോട്: സാങ്കേതികക്കുരുക്കിൽ മുടങ്ങിയ ബേപ്പൂർ പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചു. വെള്ളയിൽ സ്റ്റേഷൻ നിർമാണത്തിനുൾപ്പെടെ 6,52,09,693 രൂപ അനുവദിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.തുറമുഖ വകുപ്പിൽ നിന്ന് കൈമാറിയ 22 സെന്റ് സ്ഥലത്ത് ബേപ്പൂർ പോലീസ് സ്റ്റേഷൻ കെട്ടിടനിർമാണ പ്രവൃത്തി നേരത്തെ ആരംഭിച്ചിരുന്നു. ഇതിന് 1.9 കോടിയും അനുവദിച്ചു.
നിർമാണചുമതല ഏറ്റെടുത്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്കോസ് പ്രവൃത്തി ആരംഭിച്ചയുടൻ കോവിഡ് മഹാമാരിയുണ്ടായതിനെ തുടർന്ന് പ്രവൃത്തി മുടങ്ങി. അതോടെ പഴയ നിരക്കിൽ പ്രവൃത്തി പുനരാരംഭിക്കാനായില്ല.
നിർമാണം മുടങ്ങിയതുൾപ്പെടെ വിശദമായി പരിശോധിച്ചാണ് നിരക്ക് പുതുക്കി ഭരണാനുമതി ലഭ്യമാക്കിയത്. നിർമാണം നിലച്ച വെള്ളയിൽ സ്റ്റേഷൻ കെട്ടിട പ്രവൃത്തിയും പുനരാരംഭിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
പോർട്ട് റോഡിൽ തകർന്നുവീഴാറായ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബേപ്പൂർ സ്റ്റേഷൻ നിലവിൽ ബേപ്പൂർ അങ്ങാടിയിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.