മാലിന്യസംസ്കരണം: പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍വേ
1493281
Tuesday, January 7, 2025 7:33 AM IST
കോഴിക്കോട്: വീടുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യ സംസ്കരണ സംവിധാനം പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ സർവേ നടത്തുന്നു.
പ്രശ്നങ്ങൾ പരിഹരിച്ച് സംവിധാനങ്ങൾ എല്ലായിടത്തും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ നേതൃത്വത്തിലുള്ള സർവേ ആറിന് തുടങ്ങി 12ന് അവസാനിക്കും. ഇതോടൊപ്പം എല്ലാ വീടുകളെയും പങ്കാളിയാക്കി ഹരിതമിത്രം ആപ്പിലെ രജിസ്ട്രേഷൻ 100 ശതമാനമാക്കാനും ലക്ഷ്യമിടുന്നു. ജില്ലയിലെ 3,500 ഓളം വരുന്ന ഹരിതകർമ സേനാംഗങ്ങളാണ് സർവേ നടത്തുക. ഇവർക്കുള്ള പരിശീലനം പുരോഗമിക്കുന്നു.
പഞ്ചായത്ത് തലത്തിൽ ഒരു വാർഡിൽ രണ്ട് ടീമുകളുണ്ടാവും. നഗരസഭകളിൽ വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം അനുസരിച്ചാണ് നിയോഗിക്കുക. സംസ്കരണ ഉപാധികളുടെ പ്രവർത്തനത്തിനുള്ള ഇനോകുലം ലഭ്യതയിൽ കുറവുള്ളതായി ആക്ഷേപമുണ്ട്. ഇനോകുലത്തിന്റെ അളവ് തിട്ടപ്പെടുത്തി ഉൽപ്പാദകരുമായി ബന്ധപ്പെട്ട് ഹരിതകർമ സേനകൾക്ക് ഇനോകുലം വാങ്ങാനും വിപണനം നടത്താനും അവസരമൊരുക്കും. കുടുംബശ്രീ വഴി സംരംഭ മാതൃകയിൽ ഇനോകുലം തയ്യാറാക്കുന്ന യൂണിറ്റുകൾ രൂപീകരിക്കാനും ലക്ഷ്യമുണ്ട്. ഉറവിട മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകളും സ്ഥാപനങ്ങളും കണ്ടെത്തും.
ബയോബിൻ, കിച്ചൻ ബിൻ എന്നിവയുടെ പ്രവർത്തന ക്ഷമത തുടങ്ങിയ വിവരങ്ങളും ശേഖരിക്കും. സർവേ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി ജൈവ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കും. മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിന്റെ മുന്നോടിയായാണ് നടപടി. ഹരിതമിത്രം ആപ്പിലാണ് വിവരങ്ങൾ ശേഖരിക്കുക.
സ്വന്തം ലേഖകന്‍