"അന്തിപ്പച്ച' വാഹനത്തിന്റെ ഉദ്ഘാടനം 9ന്
1493417
Wednesday, January 8, 2025 5:04 AM IST
കോഴിക്കോട്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ഗുണനിലവാരമുള്ള മത്സ്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയായ "അന്തിപ്പച്ച'യുടെ ഉദ്ഘാടനം ഒന്‍പതിന് ഉച്ചയ്ക്ക് 2.30 ന് കുന്നമംഗലത്ത് റവന്യു മന്ത്രി കെ. രാജന് നിര്‍വഹിക്കും.
കുന്നമംഗലം നിയോജക മണ്ഡലത്തില്‍ പുതുതായി നടപ്പിലാക്കുന്ന പദ്ധതിയാണ് സഞ്ചരിക്കുന്ന മത്സ്യവിപണനശാലയായ 'അന്തിപ്പച്ച'. എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച 18 ലക്ഷം രൂപ ചെലവില്‍ വാങ്ങിയ വാഹനം അതാത് ദിവസത്തെ മത്സ്യം അന്ന് തന്നെ ഗുണനിലവാരത്തോടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി കൊണ്ട് മത്സ്യവിപണനം നടത്തുന്നതിനുള്ള മൊബൈല്‍ യൂണിറ്റായാണ് പ്രവര്‍ത്തിക്കുക.
പച്ചമത്സ്യത്തിന് പുറമെ മത്സ്യഅച്ചാറുകള്, മത്സ്യകട്ലറ്റ്, റെഡി ടു ഈറ്റ് ചെമ്മീന്‍ റോസ്റ്റ്, ചെമ്മീന്‍ ചമ്മന്തിപൊടി, റെഡി ടു കുക്ക് വിഭവങ്ങളായ മത്സ്യകറിക്കൂട്ടുകള്‍, ഫ്രൈ മസാല എന്നിവയും അന്തിപ്പച്ച വാഹനങ്ങളില്‍ ലഭ്യമാക്കും. ശുദ്ധമായ മത്സ്യത്തിന്റെ ലഭ്യതയും സ്വാദിഷ്ടമായ മത്സ്യ ഉത്പന്നങ്ങളുടെ വൈവിധ്യവും ഗുണമേന്മയും ശുചിത്വവുമാണ് അന്തിപ്പച്ച യൂണിറ്റ് ഉപഭോക്താക്കള്‍ക്ക് ഉറപ്പു നല്‍കുന്നത്.
ഉദ്ഘാടന പരിപാടിയിൽ പി.ടി.എ. റഹീം എംഎല്‍എ അധ്യക്ഷത വഹിക്കും.