പുറക്കാമല ഖനന നീക്കം എംഎൽഎ മൗനം വെടിയണം: മുസ്ലിം ലീഗ്
1492971
Monday, January 6, 2025 5:03 AM IST
പേരാമ്പ്ര: മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്നതും പരിസരങ്ങളിൽ ജനങ്ങൾ തിങ്ങി താമസിക്കുന്നതുമായ പുറക്കാമല പ്രദേശം ഖനനം നടത്തി നൂറുകണക്കിന് കുടുംബങ്ങളുടെ ശുദ്ധവായുവും മണ്ണും ജലവും നഷ്ടപ്പെടുത്താനുള്ള ക്വാറി മാഫിയയുടെ നീക്കത്തിനെതിരേ നിശബ്ദനായിരിക്കുന്ന പേരാമ്പ്ര എംഎൽഎ ടി.പി. രാമകൃഷ്ണൻ മൗനം വെടിയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.പി.എ അസീസ്. ചെറുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ പ്രക്ഷോഭത്തിന്റെ പേരിൽ നിരപരാധികളെ പോലും കള്ളക്കേസിൽ കുടുക്കി പീഢിപ്പിക്കുന്ന പോലീസ് നടപടി അപലപനീയമാണ്. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണ സംവിധാനങ്ങൾ ഖനന മാഫിയയുടെ ചട്ടുകമാവരുത്.
സ്ഥലം എംഎൽഎ അടിയന്തരമായി സംഭവ സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. അബ്ദുൽ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം.വി. മുനീർ, ട്രഷറർ കെ.കെ. നൗഫൽ എന്നിവർ പ്രസംഗിച്ചു.