കലാ-സാഹിത്യമേഖലയില്‍ മിന്നിത്തിളങ്ങി കൂമ്പാറ ബേബി
1493277
Tuesday, January 7, 2025 7:33 AM IST
കൂടരഞ്ഞി: കലാ-സാഹിത്യ മേഖലകളില്‍ നിറസാന്നിധ്യമാണ് കൂമ്പാറ ബേബി. മലയാളത്തില്‍ ബിരുദം നേടിയ ബേബി വൈദീക വിദ്യാര്‍ഥികളുടെ അധ്യാപകനായും പ്രൈവറ്റ് കോളജ് അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. കൂമ്പാറ പോസ്റ്റ് ഓഫീസില്‍ പോസ്റ്റ് മാസ്റ്ററായി 30 വര്‍ഷം ജോലി ചെയ്തു. 2021 ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. 1957 -ല്‍ പാലക്കതടത്തില്‍ ജോസഫ് - ഏലിക്കുട്ടി ദമ്പതികളുടെ മൂത്ത മകനായി ജനിച്ചു.
ചെറുപ്പത്തില്‍ കലാരംഗത്തെത്തിയ കൂമ്പാറ ബേബി 2500-ഓളം ക്രിസ്തീയ ഭക്തിഗാനങ്ങൾ രചിച്ചു. സ്നേഹ പ്രസുനം, ജീവദായകം, ബലിദാനം, രക്ഷാകരം, അഭിഷേകം, ഇടയഗീതം, അഭയം, തിരുഹൃദയം, ദിവ്യസാന്നിധ്യം തുടങ്ങി നിരവധി ഓഡിയോ കാസറ്റുകളിലെ ഗാനങ്ങള്‍ ഇന്നും ജനമനസ്സുകളില്‍ മങ്ങാതെ നില്ക്കുന്നു.
താമരശ്ശേരി രൂപതയുടെ ആധ്യാത്മിക കേന്ദ്രമായ ബഥാനിയ ധ്യാനകേന്ദ്രത്തിനായി ബേബി എഴുതിയിട്ടുള്ള ഭക്തിഗാനങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. താമരശ്ശേരി രൂപത നേതൃത്വം നല്കുന്ന അക്ഷര കമ്മ്യൂണിക്കേഷന്റെ 'അകത്തളം' എന്ന നാടകത്തിന്റെ രചനയും ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നതും കൂമ്പാറ ബേബിയാണ്.
നിരവധി നാടകങ്ങളുടെ രചയിതാവ്, ഗാനരചയിതാവ് എന്നീ മേഖലകളില്‍ തിളങ്ങിയ അദ്ദേഹം രൂപതയുടെ കമ്മ്യൂണിക്കേഷന്‍ മീഡിയയ്ക്ക് വേണ്ടി നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ഈ ക്രിസ്മസ് ദിനത്തില്‍ റിലീസ് ചെയ്ത വന്യജീവി ആക്രമങ്ങളെ മുന്‍നിര്‍ത്തിയുള്ള 'മോഴ' എന്ന ഷോട്ട് ഫിലിമിന്റെ രചനയും കൂമ്പാറ ബേബിയാണ് നിര്‍വഹിച്ചത്.
സ്കൂള്‍ യുവജനോത്സവവേദികളില്‍ ബേബിയുടെ ലളിതഗാനങ്ങള്‍, കവിതകള്‍, കഥാപ്രസംഗങ്ങള്‍, മോണോ ആക്ട്, ഓട്ടന്തുള്ളല് തുടങ്ങിയവ ഇന്നും അരങ്ങേറുന്നുണ്ട്. കോഴിക്കോട് ആകാശവാണിക്ക് വേണ്ടി നിരവധി പ്രോഗ്രാമുകള്‍ കൂമ്പാറ ബേബി ചെയ്തിട്ടുണ്ട്.
2011ല്‍ താമരശ്ശേരി രൂപതയുടെ മികച്ച എഴുത്തുകാരന് എന്ന ബഹുമതി നേടിയ കൂമ്പാറ ബേബി കവി അനില്‍ പനച്ചൂരാന് സ്മരണാര്‍ത്ഥം നടത്തിയ സംസ്ഥാനതല ദൃശ്യാവിഷ്ക്കാര കവിത മത്സരത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.