കരുവോട്ചിറയിൽ ഉപ്പുവെള്ളം കയറുന്നു; കർഷകർ ആശങ്കയിൽ
1492963
Monday, January 6, 2025 5:03 AM IST
പേരാമ്പ്ര: ജില്ലയുടെ നെല്ലറയായ കരുവോട് ചിറ കുറ്റ്യാടി പുഴയിൽ നിന്നും ഉപ്പു വെള്ളം കയറുന്നത് നെൽ കർഷകരെ ആശങ്കയിലാഴ്ത്തുന്നു. വെള്ളം കയറാതിരിക്കാൻവിയ്യംചിറയിൽ സ്ഥാപിച്ച ഷട്ടർ തുരുമ്പെടുത്ത നിലയിലാണ്.
ഇത് സ്ഥാപിച്ച പാലത്തിന്റെ തൂണുകളുടെ അടിഭാഗത്തെ ദ്വാരത്തിലൂടെ പുഴയിലെ വേലിയേറ്റത്തിൽ ഉപ്പുവെള്ളം ചിറയിലേക്ക് കയറും. ചിറയിൽ പുഞ്ച കൃഷി ഇറക്കാനുള്ള സമയമായി. പല കർഷകരും പറിച്ചു നടാനുള്ള വിത്തുകൾ ഞാറ്റടിയിലിട്ടു. എന്നാൽ കൃഷിയിറക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് കർഷകർ.
കഴിഞ്ഞ എട്ടു വർഷമായി നാമമാത്രമായ കർഷകരെ കരുവോട്ചിറയിൽ കൃഷിയിറക്കിയിട്ടുള്ളൂ. കർഷകർക്ക് കൃഷി ഇറക്കാനുള്ള അടിസ്ഥാന സൗകര്യം ഇവിടെ ഇല്ല. അധിക ജലം പുറത്തേക്ക് ഒഴുക്കി കളയുന്ന വലിയ തോടുകളിൽ ചെളി നിറഞ്ഞത് കാരണം ചിറയിൽ വെള്ളം കെട്ടികിടക്കുകയാണ്.
പ്രധാന തോടുകളുടെ പുറം ബണ്ട് തകർന്ന് നാമാവശേഷമായ നിലയിലാണ്. ചിറയിൽ കെട്ടിക്കിടക്കുന്ന അധിക ജലം പ്രധാന തോടുകളിലേക്ക് പമ്പു ചെയ്യാൻ മോട്ടോർ സംവിധാനമില്ല. കർഷകർക്ക് വൈദ്യുതി കണക്ഷൻ നൽകിയിട്ടില്ല.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ചെറുവണ്ണൂരിൽ പ്രവർത്തിക്കുന്ന അഗ്രോ സെന്ററിൽകൃഷിയാവശ്യത്തിനു വേണ്ട ട്രാക്ടറും, ടില്ലറും, കൊയ്ത്ത്മെഷീനും, മറ്റ് ഉപകരണങ്ങളും കട്ടപ്പുറത്തായിട്ട് വർഷങ്ങളായി. ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
നെൽകൃഷി പ്രോത്സാഹിപ്പിക്കാനും കർഷകരെ പാടത്തേക്കിറക്കാനും കൃഷിവകുപ്പ് തയാറാവുന്നില്ല. ഉപ്പ് വെളളം കയറുന്നത് കാരണം ചിറയുടെ ചുറ്റിലുമുള്ള നൂറുകണക്കിന് കിണറുകളിൽ മലിനമാണ്. കരുവോട്ചിറയിൽ ഉപ്പുവെള്ളം കയറാതിരിക്കാനുള്ള സംവിധാനം നടപ്പാക്കണം. ടി.പി. രാമകൃഷ്ണൻ എംഎൽഎയും ചെറുവണ്ണൂർ,
മേപ്പയ്യൂർ തുറയൂർ പഞ്ചായത്തുകളും കൃഷി വകുപ്പും മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റും അടിയന്തരമായി ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ. മുരളിധരൻ, സെക്രട്ടറി വി.ബി. രഞ്ജിത്ത് എന്നിവർ ആവശ്യപ്പെട്ടു.