മൈസൂര്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ: ഒരു ലക്ഷം പേര് ഇമെയില്‍ സന്ദേശം അയക്കും
1493272
Tuesday, January 7, 2025 7:33 AM IST
കുറ്റ്യാടി: പുറക്കാട്ടിരി -കുറ്റ്യാടി -മാനന്തവാടി -മൈസൂര്‍ ദേശീയപാത വികസന സമിതിയുടെ നേതൃത്വത്തില്‍ നിര്‍ദിഷ്ട ദേശീയ പാത യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടു ഇമെയില്‍ സന്ദേശം അയക്കല്‍ കാമ്പയിനു തുടക്കം കുറിച്ചു.
ചാത്തന്‍കോട് നടയില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ ഫാ. സിജോ എളക്കാരോട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും ഇമെയില്‍ സന്ദേശം അയച്ചുകൊണ്ട് ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന് ഉദ്ഘാടനം ചെയ്തു. ദേശീയപാതയ്ക്ക് വേണ്ടി കേന്ദ്രമന്ത്രിസഭ 7134 കോടി രൂപ വകയിരുത്തിയതായി 2022 ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന ആകാശപാതയുടെ ഉദ്ഘാടനവേളയില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഈ ദേശീയ പാത നിലവില്‍ കേന്ദ്രത്തിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി
വടകര എംപി ഷാഫി പറമ്പിലിനെ അറിയിച്ച സാഹചര്യത്തിലാണ് വികസന സമിതിയുടെ നേതൃത്വത്തില്‍ കാമ്പയിന് ആരംഭിച്ചത്.
2018 മുതല്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. മന്ത്രി ഒ.ആര്.കേളു, ഇ.കെ. വിജയന് എം.എൽ.എ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും തമ്മില്‍ ചര്‍ച്ച നടത്തി. ഇതിനു ശേഷമാണ് ഈ പാത തത്വത്തില്‍ അംഗീകരിക്കുകയും തുക വകയിരുത്തുകയും ചെയ്തത്.