വനപാലകര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണം: മാജുഷ് മാത്യു
1492976
Monday, January 6, 2025 5:11 AM IST
കോഴിക്കോട്: വന്യജീവി ആക്രമണങ്ങള്‍ മൂലമുണ്ടാകുന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ടു വനപാലകക്കെതിരേ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു ആവശ്യപ്പെട്ടു.
വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യം സൃഷ്ടിക്കാതിരിക്കാനാണ് വനപാലകരെ ശമ്പളം നല്കി നിയമിച്ചിരിക്കുന്നത്. വന്യജീവികള്‍ നാട്ടിലിറങ്ങി മനുഷ്യരെ കൊന്നാല്‍ ആ പ്രദേശത്തെ ഡിഎഫ്ഒയ്ക്കെതിരെയും വനം സ്റ്റേഷനിലെ മുഴുവന്‍ ജീവനക്കാര്‍ക്കെതിരേയും നരഹത്യയ്ക്ക് കേസെടുക്കണം.
ഇതിനാവശ്യമായ നടപടികള്‍ കര്‍ഷക കോണ്‍ഗ്രസ് സ്വീകരിക്കും. നാട്ടിലിറങ്ങുന്ന വന്യജീവികളെ നേരിടാന്‍ സംഘടന സ്വയംരക്ഷാ സ്ക്വാഡുകള്‍ രൂപീകരിക്കും. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ വന്യജീവി ആക്രമണങ്ങള്‍ മൂലം മരണമടഞ്ഞത് 40ല്‍ അധികം പേരാണ്.
1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11, 2 വകുപ്പ് പ്രകാരം സ്വയരക്ഷാര്‍ത്ഥം നാട്ടിലിറങ്ങുന്ന വന്യജീവികളെ കൊല്ലാന്‍ പൗരന്മാര്ക്ക് അധികാരമുണ്ട്. പോലീസും കളക്ടറും ഈ അധികാരം ഉപയോഗിക്കണം.
ഇക്കാര്യത്തില്‍ ഉദാസീനത കാണിക്കുന്ന പക്ഷം കേരളത്തിലെ വനാതിര്‍ത്തികള്‍ പങ്കിടുന്ന 430 പഞ്ചായത്തുകളിലും സ്വയം രക്ഷാ പ്രതിരോധ സ്ക്വാഡുകള്‍ രൂപീകരിക്കുന്നതിനും അത്തരം പഞ്ചായത്തുകളിലെ അഞ്ച് പേര്‍ക്കെങ്കിലും തോക്കിന് ലൈസന്‍സ് സ്വന്തമാക്കുന്നതിനും കര്‍ഷക കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും മാജുഷ് മാത്യു അറിയിച്ചു.