ഇരുന്നിലാട് കുന്നിൽ ചെങ്കൽ ഖനനം; ജിയോളജി വകുപ്പിനെതിരേ നാട്ടുകാർ
1491015
Monday, December 30, 2024 6:10 AM IST
നാദാപുരം: ചെക്യാട് വളയം പഞ്ചായത്ത് അതിർത്തി പങ്കിടുന്ന ഇരുന്നിലാട് കുന്നിൽ ചെങ്കൽ ഖനനത്തിന് അനുമതി നൽകിയ ജിയോളജി വകുപ്പിനെതിരേ നാട്ടുകാർ.
വളയം പഞ്ചായത്തിലെ കല്ലുനിര, പൂങ്കുളം, ചമ്പേങ്ങാട് പ്രദേശങ്ങളുടെയും ചെക്യാട് പഞ്ചായത്തിലെ നെല്ലിക്കാപ്പറമ്പ്, അരൂണ്ട, പൂങ്കുളം എന്നീ പ്രദേശങ്ങളാണ് ഇരുന്നിലാട്കുന്ന്. ഓരോ കാലവർഷവും ഒട്ടേറെ തവണ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശമാണിത്. മാത്രമല്ല കുന്നിൻ ചെരിവുകളിൽ ഇരു പഞ്ചായത്തുകളിലുമായി അഞ്ഞൂറോളം കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്. ഈ കുടുംബങ്ങളൊക്കെ അശ്രയിക്കുന്ന വിവിധ ജല ശ്രാതസുകൾ ഈ കുന്നിൽ സ്ഥിതി ചെയ്യുന്നുണ്ട്.
ഇത്തരത്തിലുള്ള കുന്നിൽ ജിയോളജി വകുപ്പ് എങ്ങിനെയാണ് അനുമതി കൊടുത്തതെന്നത് ദുരൂഹമാണ്. കുന്നിൻ മുകളിലുണ്ടാകുന്ന ചെറിയ പ്രകമ്പനംപോലും മണ്ണിടിച്ചലിന് കാരണമാകും. മാത്രമല്ല താഴ് വാരത്തെ നിരവധി കുടുംബങ്ങളെയും ദോഷകരമായി ബാധിക്കു എന്നിരിക്കെ പ്രദേശം പോലും സന്ദർശിക്കാതെ ഉദ്യോഗസ്ഥർ അനുമതി കൊടുത്തതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം വളയം പോലീസ് സ്റ്റേഷനിൽ ചേർന്ന ഒത്ത് തീർപ്പ് യോഗത്തിൽ 22 ലക്ഷം മുടക്കിയാണ് ഖനനത്തിന് അനുമതി നേടിയതെന്ന് ഖനന കമ്പനിയുടെ ആളുകൾ ആക്ഷൻ കമ്മിറ്റി പ്രവർത്തകരോട് പറഞ്ഞിരുന്നു.
ഇത് ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിയുടെ ഭാഗമാണെന്നാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹി കെ.പി. നാണു പറഞ്ഞു. ഖനനത്തിന് അനുമതി നൽകിയ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആക്ഷൻ കമ്മിറ്റി.
ഖനന പ്രവർത്തനങ്ങൾ നടന്നാൽ ഉരുൾപൊട്ടലടക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുമെന്നും അതിനാൽ യാതൊരു ഖനനവും അനുവദിക്കില്ലെന്നും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കണമെന്നും വാർഡ് മെമ്പർ കെ.പി. മോഹൻദാസ് പറഞ്ഞു.
നാട്ടുകാർക്കെതിരേ
പോലീസ് കേസ്
നാദാപുരം: ഇരുന്നിലാട് കുന്നിൽ ഖനനത്തിനെത്തിയവരെ തടഞ്ഞ നാട്ടുകാർക്കെതിരേ
കേസെടുത്ത് വളയം പോലീസ്. പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പടെയുള്ള ഒൻപത് പേർ, കണ്ടാലറിയാവുന്ന 190 പേർക്കെതിരെയുമാണ് വളയം പോലീസ് കേസെടുത്തത്. ഇരുനിലാട് കുന്നിൽ ഖനന പ്രവർത്തനങ്ങൾക്കായി ശനിയാഴ്ച്ച രാവിലെയാണ് ഖനന മാഫിയ പോലീസ് സംരക്ഷണയിൽ സ്ഥലത്തെത്തിയത്.
ഖനനത്തിന് ആവശ്യവുമായ യന്ത്രങ്ങളുമായെത്തിയെങ്കിലും പഞ്ചായത്തംഗം കെ.പി. മോഹൻദാസിന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം വരുന്ന ജനകീയ പ്രതിഷേധക്കാർ വാഹനം തടയുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരും വളയം ഇൻസ്പെക്ടർ സായൂജുമായി നടത്തിയ ചർച്ചയെ തുടർന്ന് പിൻവാങ്ങാൻ ഖനനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. ഖനനത്തിനെത്തിയവർ ഈ തീരുമാനത്തിനെതിരേ നിലപാടെടുത്തെങ്കിലും ശക്തമായ ജനരോക്ഷം കാരണം പിൻവാങ്ങുകയായിരുന്നു. തുടർന്നാണ് പോലീസ് ഗതാഗതം തടസപ്പെടുത്തിയതിന് നാട്ടുകാർക്കെതിരേ കേസെടുത്തത്.