ചെങ്കൽ ഖനനം ; ഇരുന്നിലാട് കുന്നിൽ വ്യാപകമായി വൻ മരങ്ങൾ വെട്ടി നശിപ്പിച്ചു
1491509
Wednesday, January 1, 2025 4:31 AM IST
നാദാപുരം : ചെക്യാട് വളയം പഞ്ചായത്ത് അതിർത്തി പങ്കിടുന്ന ഇരുന്നിലാട് കുന്നിൽ ചെങ്കൽ ഖനനനത്തിന് മുന്നേ വനനശീകരണം തുടങ്ങി.
ചെറുതും വലുതുമായ നൂറ് കണക്കിന് മരങ്ങളാണ് ഇവിടെ നിന്നും മുറിച്ച് മാറ്റിയത്. മാത്രമല്ല ഒരേക്കറോളം ഭാഗത്തെ അടിക്കാടുകളും വെട്ടിമാറ്റിയിട്ടുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള നെല്ലിമരങ്ങളും ഫലവൃക്ഷങ്ങളും വെട്ടിമാറ്റിയവയിലുണ്ട്. സ്വകാര്യ ഭൂമിയായതിനാൽ അധികൃതർ ആരും തന്നെ ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.വളയം പഞ്ചായത്തിലെ കല്ലുനിര, പൂങ്കുളം, ചമ്പേങ്ങാട്, ചെക്യാട് പഞ്ചായത്തിലെ നെല്ലിക്കാപ്പറമ്പ് ,അരൂണ്ട, പൂങ്കുളം എന്നീ പ്രദേശങ്ങൾ അതിർത്തി പങ്കിടുന്ന ഇരുന്നിലാട് കുന്നിൽ ഓരോ കാലവർഷവും ഒട്ടേറെ തവണയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
ഇവിടെ വനനശീകരണം നടക്കുന്നത് മണ്ണിടിച്ചലിന് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കുന്നിൻ ചെരിവുകളിൽ ഇരു പഞ്ചായത്തുകളിലുമായി അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കുന്നിന്റെ മുകളിൽ പാരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന തരത്തിൽ ഖനന പ്രവർത്തനങ്ങൾ നടന്നാൽ ഉരുൾപൊട്ടലടക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു.