ഒരുമിച്ച് അറബിക്കടല്‍ കടക്കാനൊരുങ്ങി കൂറ്റന്‍ ആഡംബര ജലനൗകകള്‍
1491280
Tuesday, December 31, 2024 6:23 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഒരുമിച്ച് അറബിക്കടല്‍ കടക്കാനൊരുങ്ങി രണ്ട് കൂറ്റന്‍ ആഡംബര ജലനൗകകള്‍.
ഉരു നിര്‍മാണത്തിന്റെ ഈറ്റില്ലമായ ബേപ്പൂര്‍ കക്കാടത്ത് ഉരുപ്പണിശാലയില്‍നിന്ന് കഴിഞ്ഞ ദിവസവും കഴിഞ്ഞ മാസവും നീറ്റിലിറക്കിയ രണ്ട് ഉരുക്കളും ഖത്തറിലേക്കുള്ളതാണെങ്കിലും ആദ്യം പോകുന്നത് യുഎഇയിലെ ദുബായിലേക്കാണ്. കസ്റ്റംസ് നടപടി പൂര്‍ത്തിയാക്കി രണ്ടാഴ്ച്ചയ്ക്കുശേഷം പുറപ്പെട്ടേക്കും.
ബേപ്പൂരിലെ പ്രശസ്ത തച്ചന് എടത്തൊടി സത്യന്റെ മേല്‍നോട്ടത്തില്‍ പി. ശശിധരന്റെ ‘സായൂസ് വുഡ് വര്‍ക്സ്' ആണ് രണ്ട് നിര്‍മാണവും ഏറ്റെടുത്തത്. ഇവരുടെ കീഴില്‍ മുമ്പും ഉരു നിര്‍മിച്ചിട്ടുണ്ട്. ജലസഞ്ചാര വിനോദത്തിനാണ് ആഡംബര സൗകര്യങ്ങളുള്ള നൗകകള്‍ ഉപയോഗിക്കുന്നത്. ദുബായിലെത്തിച്ചശേഷം കൊട്ടാരസമാനമായ സൗകര്യങ്ങളുമൊരുക്കും.
ഇപ്പോള്‍ പുഴയില്‍ നങ്കൂരമിട്ടിരിക്കുന്ന രണ്ടും പിന്‍ഭാഗം തുറന്ന ‘സാം ബൂക്ക്' മാതൃകയിലുള്ള ഉരുവാണ്. ആദ്യം നീറ്റിലിറക്കിയതിന് 140 അടി നീളവും 33 അടി വീതിയുമുണ്ട്. രണ്ടാമത്തേതിന് 150 അടി നീളവും 34 അടി വീതിയുമാണ്.
പ്രധാനമായും രണ്ട് തട്ടുകളോടെയും മികച്ച കൊത്തുപണികളോടെയുമാണ് നിര്‍മാണം. പുറംഭാഗം തേക്കും മറ്റു ഭാഗങ്ങള്‍ വാക, കരി മരുത്, അയനി തുടങ്ങിയ മരങ്ങളുമാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.