കൊടിയത്തൂരില്‍ പുതിയ ക്വാറിക്ക് അനുമതി നല്‍കാനുള്ള നീക്കം തടഞ്ഞ് യുഡിഎഫ്
1491292
Tuesday, December 31, 2024 6:23 AM IST
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത് പുതിയ ക്വാറിക്ക് അനുമതി നല്‍കാനുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ നീക്കം തടഞ്ഞ് യുഡിഎഫ് മെമ്പര്‍മാര്‍. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ഭരണസമിതി യോഗമാണ് യുഡിഎഫ് മെമ്പര്‍മാരുടെ തന്ത്രപരമായ നീക്കത്തിലൂടെ ക്വാറം തികയാതെ അവസാനിപ്പിക്കേണ്ടി വന്നത്.
2023 നവംബര്‍ 24 ന് ക്വാറി അനുമതിയുമായി ബന്ധപ്പെട്ടു ലഭിച്ച അപേക്ഷ വിശദമായി പഠിക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു. ഈ യോഗത്തില്‍ സെക്രട്ടറി വിയോജനക്കുറിപ്പും രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് 30 ന് നടന്ന ഭരണസമിതി യോഗത്തില്‍ രേഖകളുടെ ആധികാരികതയെ സംബന്ധിച്ച് സംശയമുയര്‍ന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ പഠിക്കുന്നതിന് സബ് കമ്മറ്റി രൂപീകരിക്കുകയും സബ് കമ്മിറ്റി റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ അപേക്ഷ മാറ്റിവെക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
ഈ തീരുമാനത്തിനെതിരെയും സെക്രട്ടറി വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. തുടര്‍ന്ന് ഡിസംബര്‍ 29 ന് നടന്ന ഭരണസമിതി യോഗത്തില്‍ 2023 നവംബര്‍ 30ന് എടുത്ത തീരുമാനപ്രകാരം വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് ലഭിച്ച അനുമതി പത്രങ്ങളുടെ നിയമ സാധുത പരിശോധിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നങ്കിലും ഇതിന്റെ മറുപടി ലഭിച്ചില്ല. സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടും വാര്‍ഡ് ചുമതലയുള്ള ക്ലര്‍ക്കിന്റെ സൈറ്റ് പരിശോധന റിപ്പോര്‍ട്ടും ലഭ്യമായിരുന്നില്ല.
ഇതോടെ യുഡിഎഫ് അംഗങ്ങള്‍ ഭരണസമിതി യോഗം ബഹിഷ്ക്കരിച്ചത്. തുടര്‍ച്ചയായി ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളുടെയടക്കം പശ്ചാത്തലത്തില്‍ പഞ്ചായത്തില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കില്ല എന്നത് യുഡിഎഫ് തീരുമാനമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ എന്നിവര്‍ പറഞ്ഞു.