ഉദയം പദ്ധതി നടത്തിപ്പിന് തദേശ സ്ഥാപനങ്ങളുടെ തുക ചെലവഴിക്കാന്‍ അനുമതി
1491846
Thursday, January 2, 2025 5:39 AM IST
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന ഉദയം ചാരിറ്റബിള്‍ സൊസൈറ്റിക്ക് തദേശസ്ഥാപനങ്ങളുടെ ഫണ്ട് ചെലവഴിക്കാന്‍ തദേശ സ്വയംഭരണ വകുപ്പ് അനുമതി നല്കി.
പാവപ്പെട്ടവര്‍ക്ക് ആഹാരം നല്‍കുന്നതടക്കമുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുന്നതിനു പുറമെ ഈ ആവശ്യത്തിന് വിവിധ സ്ഥാപനങ്ങളുടെ സാമൂഹിക സേവന ഫണ്ടും ഉപയോഗിക്കാം. തികയാതെ വരുന്ന തുക തദേശ സ്ഥാപനങ്ങളില്‍ നിന്നു ചെലവഴിക്കാനാണ് തദേശസ്വയംഭരണ വകുപ്പ് അനുമതി നല്‍കിയത്.
കോഴിക്കോട് ജില്ലാ കളക്ടറാണ് ഉദയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ചെയര്മാന്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും കോര്‍പറേഷന്റെയും തദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം. തെരുവുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുക, അവരുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക, തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക, നൈപുണ്യ പരിശീലനം നല്‍കുക, സ്വന്തം വീട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കുക എന്നിവയും ഉദയം സൊസൈറ്റിയുടെ പ്രവര്‍ത്തനമേഖലയാണ്.
മൂന്ന് ഉദയം ഹോമുകളിലായി 240 ആളുകളെയാണ് പുനരധിവസിപ്പിച്ചിരിക്കുന്നത്. ഒരാള്‍ക്ക് ഭക്ഷണത്തിന് 110 രൂപ നിരക്കില്‍ 240 പേര്‍ക്ക് ഒരു മാസം 7,92,000 രൂപ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ 2024 സെപ്റ്റംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഉദയം സൊസൈറ്റി ഭാരവാഹികള്‍ േകാഴിക്കോട് ജില്ലാ തദേശ അദാലത്തില്‍ അപേക്ഷ നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം അഞ്ചിന് ചേര്‍ന്ന വികേന്ദ്രീകാസൂത്രണ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഈ വിഷയം പരിഗണിച്ചു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാമൂഹ്യ നീതി വകുപ്പിന്റെ സഹായം തേടാനും തദേശസ്വയംഭരണ വകുപ്പ് ഉദയം സൊസൈറ്റിക്ക് അനുമതി നല്‍കിയിട്ടുണ്ട്.