കേരള കെയര്‍ പദ്ധതിയുമായി കോർപറേഷൻ : പാവപ്പെട്ടവര്‍ക്ക് മരുന്നുകള്‍, വീടുകളിലെത്തി പരിശോധന
1491856
Thursday, January 2, 2025 5:51 AM IST
കോഴിക്കോട് : അതിദരിദ്രരില്ലാത്തതും വയോജന, ഭിന്ന ശേഷി സൗഹൃദവുമായ നഗരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സമന്വയ പദ്ധതിയുമായി കോർപറേഷൻ. സമ്പൂർണ ശുചിത്വം ഉറപ്പാക്കി ആരോഗ്യപൂർണവും സന്തോഷകരവുമായ വാർധക്യം സമന്വയം പദ്ധതി വഴി ഉറപ്പാക്കുമെന്ന് മേയർ ഡോ. ബീനാഫിലിപ്പ് അറിയിച്ചു.
വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ , പൊതുജനങ്ങൾ, ജനപ്രതിനിധികൾ തുടങ്ങീ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ സേവനം ഒരു കുടക്കീഴിൽ കൊണ്ടുവന്ന് സമൂഹത്തിൽ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള മുഴുവനാളുകൾക്കും സേവനവും പിന്തുണയും ഉറപ്പാക്കുന്ന പദ്ധതിയാണിതെന്ന് മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിക്കായി കേരള കെയർ എന്ന പേരിൽ ഓൺലൈൻ ഡിജിറ്റൽ ഗ്രിഡ് തയാറാക്കി അർഹരായവരെ അതിൽ രജിസ്റ്റർ ചെയ്യിപ്പിക്കും. ഗ്രിഡിൽ രജിസ്റ്റർ ചെയ്യുന്ന ഗുണഭോക്താക്കൾക്ക് മരുന്നുകളും ഭക്ഷണവും നേരിട്ട് ലഭ്യമാക്കും.
വിവിധ വകുപ്പുകളിൽ നിന്നുള്ളവർ സൗഹൃദസന്ദർശനങ്ങൾ നടത്തും. വീടുകളിലെത്തി ശാരീരിക മാനസിക പരിശോധനയും സ്വാന്തന പരിചരണവും ഉറപ്പുവരുത്താനായി ഹോംഹെൽത്ത് ടീമുണ്ടാകും. ടെലി മെഡിസിൻ സംവിധാനങ്ങൾ ഉപയോഗിച്ച് ഡോക്ടർമാർ, സൈക്കോളജിസ്റ്റുകൾ, തുടങ്ങി ആരോഗ്യപ്രവർത്തകരുടെ സേവനം ഉറപ്പാക്കും.
ഗുണഭോക്താക്കളിൽ ആർക്കെങ്കിലും യാത്രകൾ ആവശ്യമാണെങ്കിൽ അതിനുള്ള സംവിധാനവും ഒരുക്കും. ഇതിന് വേണ്ടി വാർഡുകൾ കേന്ദ്രീകരിച്ച് ഡിവിഷൻ ഹെൽത്ത് ടീം രൂപീകരിക്കും. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ആശാവർക്കർമാർ, അംഗനവാടി പ്രവർത്തകരുൾപ്പെടെ ടീമിലുണ്ടാകും.
ഗ്രിഡിൽ രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ ഹെൽത്ത് ടീമിന് തത്സമയം ഓൺലൈനായി ലഭിക്കും. സാമൂഹിക സാമ്പത്തിക പശ്ചാത്തലം നോക്കാതെ 60 വയസിന് മുകളിൽ പ്രായമുള്ള നഗരത്തിലെ എല്ലാ മുതിർന്ന പൗരൻമാരും പ്രായഭേദമന്യേ കിടപ്പുരോഗികൾ, അതിദരിദ്രർ, ഭിന്നശേഷിക്കാർ എന്നിവർ സമന്വയ പദ്ധതിയുടെ ഗുണഭോക്തക്കളായിരിക്കും.
15 ന് പെയിൻ ആൻഡ് പാലിയേറ്റീവ് ദിനത്തിൽ പദ്ധതിയുടെ പ്രഖ്യാപനം നടത്തും. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ പി.ദിവാകരൻ, ഡോ. എസ്.ജയശ്രീ, ഹെൽത്ത് ഓഫീസര്‍ ഡോ.മുനവർ റഹ്മാൻ പങ്കെടുത്തു.
സ്മൃതിപഥം ഉദ്ഘാടനം അഞ്ചിന്
കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും മികവുറ്റ രീതിയിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച മാവൂർറോഡിലെ ശ്മശാനം സ്മൃതിപഥ'ത്തിന്റെ ഔപചാരിക ഉദ്ഘാടനം അഞ്ചിന് നടക്കും.
രാവിലെ 10 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.മന്ത്രി എ.കെ. ശശീന്ദ്രൻ പങ്കെടുക്കും. മാവൂർ റോഡിലെ പഴയ ശ്മശാനം കെട്ടിലും മട്ടിലും മാറ്റം വരുത്തി വാസ്തു വിദ്യയിലും സാങ്കേതിക വിദ്യയിലും മികച്ച നിലവാരത്തിലുള്ളതാണ് 'സ്മൃതിപഥം'.
മരണാനന്തരം തികഞ്ഞ ആദരവോടെ അന്ത്യ യാത്ര നൽകും വിധത്തിലുള്ള അന്തരീക്ഷത്തിലാണ് 'സ്മൃതിപഥം' ഒരുക്കിയിരിക്കുന്നതെന്ന് മേയർ ഡോ.ബീനാഫിലിപ്പ് പറഞ്ഞു.വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻനായരുടെ സംസ്കാരവും ഇവിടെയായിരുന്നു നടന്നത്.
കോഴിക്കോട് കോർപറേഷൻ നടപ്പിലാക്കി വരുന്ന അഴക് ശുചിത്വ പ്രോട്ടോകോൾ അനുശാസിച്ചാണ് ഇതിന്റെ നിർമ്മാണവും പരിപാലനവും ഉറപ്പു വരുത്തിയത് .
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 2.28 കോടിയും കോർപറേഷന്റെ പദ്ധതിയിൽ വകയിരുത്തിയ 4.92 കോടിയും ഉപയോഗിച്ചാണ് 'സ്മൃതിപഥം' നിർമ്മിച്ചത്. നാനാ ജാതി മതസ്ഥർക്ക് അവരവരുടെ ആചാര പ്രകാരം സംസ്ക്കാരം നടത്തുന്നതിനുള്ള സൗകര്യം 'സ്മൃതിപഥ'ത്തിൽ ഒരുക്കിയിട്ടുണ്ട്.
ചൂളയിൽ സംസ്കാരം നടത്തുന്നതിന് 1,500 രൂപയും ഗ്യാസ് ക്രിമറ്റോറിയത്തിൽ സംസ്ക്കരിക്കുന്നതിനു 2,000 രൂപയും വൈദ്യുതി ശ്മശാനത്തിൽ സംസ്ക്കരിക്കുന്നതിനു 2,500 രൂപയും മാത്രമാണ് ഫീസ് നിരക്ക്.
രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തനസമയം. 9037987989 ഫോൺ നമ്പർ മുഖേനയും, നേരിട്ടും സംസ്കാരത്തിനുള്ള ബുക്കിംഗ് നടത്താം.