വിനോദയാത്രക്ക് പോയ ബസ് ഡിവൈഡറിൽ ഇടിച്ച് വിദ്യാർഥി മരിച്ചു
1491281
Tuesday, December 31, 2024 6:23 AM IST
പൊന്നാനി: വാഗമണ്ണിലേക്ക് വിനോദയാത്ര പോയി തിരിച്ച് വരുന്നതിനിടെ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിനി മരിച്ചു. ഒരു വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റു. കൊണ്ടോട്ടി സ്വദേശി കർളിക്കാടൻ മുജീബിന്റെ മകൾ ഫാത്തിമ ഹിബ(17)യാണ് മരിച്ചത്.
പൊന്നാനി ചാവക്കാട് ദേശീയപാതയിൽ വെളിയംകോട് ബീവിപ്പടി പാലത്തിന് മുകളിൽഇന്നലെ പുലർച്ചെ 3.45 ഓടെയാണ് അപകടം ഉണ്ടായത്. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിൽ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡിന്റെ സൈഡ് മതിലിലുള്ള സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിക്കുകയായിരിന്നു.
ഗുരുതര പരിക്കേറ്റ കൊണ്ടോട്ടി സ്വദേശിനി കക്കാട്ടായിൽ വീട്ടിൽ സിദീഖിന്റെ മകൾ ഫിദഹന്ന(12)യെ കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ 40 ലധികം കുട്ടികളുണ്ടായിരുന്നു. ഹിബയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റുകയും തുടർന്ന് നടപടിക്രമങ്ങൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു.