വനംവകുപ്പിന്റെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധവുമായി രാഷ്ട്രീയ നേതാക്കള്‍
1491290
Tuesday, December 31, 2024 6:23 AM IST
പേരാമ്പ്ര: പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന് ലേഡീസ് ബാരക്ക് കെട്ടിട ഉദ്ഘാടന വേദിയില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പ്രതിഷേധം. ഉദ്ഘാടന ചടങ്ങിനെക്കുറിച്ച് അറിയിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഉദ്യോഗസ്ഥ പ്രമുഖരുടെയും ജന പ്രതിനിധികളുടെയും പേര് വിവരം ക്ഷണക്കത്തിലുണ്ടായിരുന്നുവെങ്കിലും ഭരണ -പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളിലെ ഭൂരിപക്ഷം പേര്‍ക്കും വിവരം കിട്ടിയില്ല.
സ്ഥലം എം.പിയായ ഷാഫി പറമ്പലിന്റേയടക്കം പല ജനപ്രതിനിധികളുടെയും പേര് കാര്യപരിപാടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരെയൊന്നും വിവരം അറിയിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നു.
പ്രതിപക്ഷ -ഭരണപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ മുദ്രാവാക്യവും വിളിയുമായി രംഗത്തെത്തി. വനം ഉദ്യോഗസ്ഥരുടെ ഇടപെടലും പോലീസിന്റെ നീക്കവും ഇവര്‍ക്ക് നേരെ ഉണ്ടായി. സ്ഥലത്തെത്തിയ വനം മന്ത്രി എ.കെ. ശശീന്ദ്രന് വനം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അദ്ദേഹം പ്രശ്നം ആരാഞ്ഞു.
പ്രതിഷേധക്കാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. വനം ഉദ്യോഗസ്ഥര്‍ ജനങ്ങളെയും ജനപ്രതിനിധികളെയും അകറ്റിനിര്‍ത്തുന്ന സമീപനമാണ് എക്കാലവും സ്വീകരിക്കുന്നതെന്നും ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പെരുവണ്ണാമൂഴിയില്‍ കണ്ടതെന്നും അവര്‍ പറഞ്ഞു. ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ജിതേഷ് മുതുകാട്, ജയിംസ് മാത്യു, റെജി കോച്ചേരി, ജയേഷ് ചെമ്പനോട, ജെയിന് ജോണ്‍, ടോമി മണ്ണൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.