ഹോം ഓട്ടോമേഷനിലെ ഐഒടി സാധ്യതകള്‍ പരിചയപ്പെടുത്തി ലിറ്റില്‍ കൈറ്റ്സ് ക്യാമ്പ്
1491291
Tuesday, December 31, 2024 6:23 AM IST
കോഴിക്കോട്: ഹോം ഓട്ടമേഷനിലെ ഐഒടി സാധ്യതകളും ത്രീഡി ആനിമേഷന്‍ നിര്‍മ്മാണ സാധ്യതകളും പരിചയപ്പെടുത്തി ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു.
ജില്ലയിലെ 172 യൂണിറ്റുകളില്‍ നിന്നും ഉപജില്ലാ ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്നും അനിമേഷന്‍, പ്രോഗ്രാമിംഗ് വിഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 106 കുട്ടികളാണ് വെള്ളിമാടുകുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തത്. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് ഓണ്‍ലൈനായി ക്യാമ്പംഗങ്ങളുമായി ആശയ വിനിമയം നടത്തി.
വീടുകളിലെ സുരക്ഷാ സംവിധാനം ഐ ഒ ടി സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകള്‍ തയ്യാറാക്കലാണ് ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പിലെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികള്‍ പൂര്‍ത്തീകരിച്ച പ്രോജക്റ്റ്. വീടുകളിലെ ഇലക്ട്രിക്- ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിയന്ത്രിക്കാനും പാചകവാതക ചോര്‍ച്ച, തീപിടുത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈല്‍ ആപ്പുകള്‍ എല്ലാ ക്യാമ്പംഗങ്ങളും തയ്യാറാക്കി. പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) നല്കിയ റോബോട്ടിക് കിറ്റുകള്‍ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
സ്വതന്ത്ര സോഫ്റ്റ്വെയര് ആയ ബ്ലെന്‍ഡര്‍ സോഫ്റ്റ്വെയര് പ്രയോജനപ്പെടുത്തിയുള്ള ത്രീഡി അനിമേഷന്‍ നിര്‍മ്മാണമായിരുന്നു ജില്ലാ ക്യാമ്പില്‍ അനിമേഷന്‍ വിഭാഗത്തിലെ കുട്ടികളുടെ പ്രവര്‍ത്തനം. മനുഷ്യന് ബഹിരാകാശ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത് അന്യഗ്രഹത്തില്‍ താമസിക്കുന്ന ഒരാള്‍ നമ്മുടെ ഗ്രഹത്തിലേക്ക് ടൂര്‍ വന്നാല്‍ നമ്മള് ഒരുക്കി വെക്കുന്ന കാഴ്ചകളായിരുന്നു അനിമേഷന്റെ തീം.
ക്യാമ്പില്‍ പങ്കെടുത്തവരില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച 10 കുട്ടികള്‍ സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കും.