പുതുവത്സരാഘോഷം അതിരുവിടാതിരിക്കാന്‍ പോലീസിന്റെ കരുതല്‍
1491287
Tuesday, December 31, 2024 6:23 AM IST
കോഴിക്കോട്: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ വിവിധ ആഘോഷങ്ങളും പരിപാടികളും നടക്കുന്ന സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ലോ ആന്‍ഡ് ഓര്‍ഡര്‍), അഡീഷണല്‍ ഡി.സി.പി. (അഡ്മിനിസ്ട്രേഷന്), ഏഴോളം എ.സി.പി.മാര്‍, ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ എഴുനൂറ്റിയമ്പതോളം പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുണ്ട്.
പുതുവല്‍സര ആഘോഷങ്ങള്‍ നടക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളായ കോഴിക്കോട് ബീച്ച്, ബട്ട് റോഡ് ബീച്ച്, വരക്കല്‍ ബീച്ച്, ബേപ്പൂര്‍ ബീച്ച്, പുലിമൂട്ട്, മാളുകള്‍, ബാര്‍ ഹോട്ടലുകള്‍, ബീയര്‍ പാര്‍ലറുകള്‍, റിസോര്‍ട്ടുകള്‍, ഫ്ളാറ്റുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവിടങ്ങളിലും ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തും.
കാര്‍, ബൈക്ക് റേസിംഗ് നടത്തുന്നതും പൊതുസ്ഥലങ്ങളില്‍വെച്ച് പരസ്യമായി മദ്യപിക്കുന്നതും മദ്യപിച്ച് വാഹനം ഓടിക്കുന്നതും തടയുന്നതിനായി പോലീസ് പരിശോധന നടത്തും.
ജില്ലാ അതിര്‍ത്തികളില്‍ വാഹന പരിശോധന ഉണ്ടാകും. സ്ത്രീകളുടെയും, കുട്ടികളുടെയും, വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് മഫ്റ്റി പോലീസിനെയും വനിതാ പോലീസുദ്യോഗസ്ഥരെയും നിയോഗിക്കും. വൈകീട്ട് അഞ്ചു മുതല്‍ ഗാന്ധി റോഡ് മുതല്‍ വലിയങ്ങാടി ജംഗ്ഷന് വരെയുള്ള ഭാഗങ്ങളില്‍ വാഹനഗതാഗതം അനുവദിക്കില്ല. വൈകീട്ട് അഞ്ചിനു ശേഷം ബീച്ചിലേക്ക് വരുന്നവര്‍ വാഹനങ്ങള്‍ പുറത്തുള്ള പാര്‍ക്കിംഗ് ഏരിയകളില്‍ പാര്‍ക്ക് ചെയ്യണം.
ഒന്നാം തീയതി പുലര്‍ച്ചെ ഒരുമണി വരെയോ ബീച്ചില്‍ പ്രവേശനമുണ്ടാവുകയുള്ളു. പുതുവത്സര ആഘോഷം നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള എല്ലാ സംഘടനകളും സംഘാടകരും അതാതു പോലീസ് സ്റ്റേഷനില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം.
അനിഷ്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കേരളാ പോലീസിന്റെ ടോള്‍-ഫ്രീ നമ്പറായ (112),(1515)ലേക്കോ വിളിക്കാവുന്നതാണ്.
അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ടെങ്കില്‍ ക്യാമ്പുകളുടെ നടത്തിപ്പുകാര്‍ അല്ലെങ്കില്‍ തൊഴിലുടമകള്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കേണ്ടതും പരിപാടി സമാധാനപരമായി നടത്തുന്നതാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണെന്നും പോലീസ് അറിയിച്ചു.