എല്‍ഐജിഒ പരീക്ഷണ സംഘാംഗം പ്രഫ. അജിത് ഇന്ന് പ്ലാനറ്റോറിയത്തില്‍
1491855
Thursday, January 2, 2025 5:51 AM IST
കോഴിക്കോട്: ഒരു നൂറ്റാണ്ട് മുമ്പ് ഐന്സ്റ്റൈന് പ്രവചിച്ച ഗുരുത്വതരംഗങ്ങളെന്ന സമസ്യയുടെ ചുരുളഴിച്ച എല്‍ഐജിഒ പരീക്ഷണ (ലേസര്‍ ഇന്റര്‍ഫെറോ മീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്സര്‍വേറ്ററി) സംഘാംഗമായ പ്രഫ. അജിത് പരമേശ്വരന് ഇന്ന് രാവിലെ 10ന് കോഴിക്കോട് പ്ലാനറ്റേറിയത്തില് പ്രഭാഷണം നടത്തും.
പ്രപഞ്ചം: ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിലാണ് പ്രഭാഷണം. പ്രഫ. അജിത് പരമേശ്വരന് ബംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയറിട്ടിക്കല്‍ സയന്‍സസില്‍ ശാസ്ത്രജ്ഞനാണ്.
കോസ്മിക് സ്നാപ്പ്ഷോട്സ് എന്ന പേരില്‍ കോഴിക്കോട് പ്ലാനറ്റേറിയം തയാറാക്കിയ ജ്യോതിശാസ്ത്ര ഡെമോണ്സ്ട്രേഷന് ക്ളാസിന്റെ തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് പ്രഫ. അജിത് പ്ലാനറ്റാേറിയത്തില് എത്തുന്നത്.
വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ജ്യോതിശാസ്ത്രത്തെപ്പറ്റിയുള്ള അടിസ്ഥാനവിജ്ഞാനം നല്കി ജ്യോതിശാസ്ത്രത്തെ കൂടുതല്‍ ജനപ്രിയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കോസ്മിക് സ്നാപ്പ്ഷോട്സ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
പ്രപഞ്ചോല്പത്തിമുതല് ആധുനികകാലം വരെയുള്ള പ്രപഞ്ചപരിണാമത്തിലെ നാഴികക്കല്ലുകളെ ഡെമോണ്സ്ട്രേഷന് ക്ളാസിലൂടെ പരിചയപ്പെടുത്തും. ക്ലാസിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് കോഴിക്കോട് പ്ലാനറ്റോറിയം പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.