ടെമ്പോ ട്രാവലര്‍ മറിഞ്ഞ് ആറു വയസുകാരി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
1491282
Tuesday, December 31, 2024 6:23 AM IST
കൂടരഞ്ഞി: കൂടരഞ്ഞിയില്‍ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടെമ്പോട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ആറു വയസുകാരിക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കോട്ടയ്ക്കല്‍ പറമ്പിലങ്ങാടിയില്‍ പുതുക്കിടി റംഷീദിന്റെയും ജഹാനയുടെയും മകള്‍ എലിസയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ എലിസയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നിലമ്പൂര്‍ ചന്തപ്പടിയിലനിന്നും ടൂറിസ്റ്റ് കേന്ദ്രമായ പൂവാറന്‍തോട് സന്ദര്‍ശിച്ച് തിരികെ മടങ്ങുകയായിരുന്ന വാഹനം ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുമറിയുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. 20 മീറ്ററോളം ദൂരം വാഹനം റോഡിലൂടെ നിരങ്ങിനീങ്ങി.
പരിക്കേറ്റവരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലും മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്കുണ്ട്. രണ്ടു പേരുടെ നില ഗുരുതരമാണ് 22 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനത്തിന് അടിയില്‍പ്പെട്ട ആളുകളെ ഫയര്‍ഫോഴ്സ്, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്. എലിസയുടെ സഹോദരന്: എസിന് മുഹമ്മദ്. ചന്തക്കുന്നിലെ ജഹാനയുടെ വീട്ടുകാര്‍ക്കൊപ്പം വിനോദയാത്രപോയതായിരുന്നു എലിസ. കബറടക്കം ഇന്ന് പാലത്തറ ജുമാമസ്ജിദ് കബറിസ്ഥാനില്‍.